ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്‍റെ മറവില്‍ ഓഹരി വിപണിയില്‍ വന്‍ കുംഭകോണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജൂണ്‍ നാലിന് വന്‍ നഷ്‌ടമാണ് വിപണിയില്‍ ഉണ്ടായത്. ജൂണ്‍ ഒന്നിന് വ്യാജ എക്‌സിറ്റ് പോളുകള്‍ വന്നു. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്‌സിറ്റ് പോള്‍ നടത്തിയവര്‍ക്കുമെതിരെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്‍റെ മറവില്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തി. ജൂണ്‍ നാലിന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. വിപണിയില്‍ മുപ്പത് ലക്ഷം കോടിയുടെ നഷ്‌ടമാണ് അന്നുണ്ടായത്. നഷ്‌ടമായത് സാധാരണക്കാരുടെ പണമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.
മെയ് പതിമൂന്നിന് ഷാ ഓഹരികള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്തിനാണ് ആഭ്യന്തരമന്ത്രി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരോട് ആഹ്വാനം ചെയ്‌തത്. നാനൂറ് സീറ്റ് കിട്ടില്ലെന്ന് അറിഞ്ഞ് കൊണ്ടാണ് അമിത് ഷാ ഈ ആഹ്വാനം നടത്തിയത്. എക്‌സിറ്റ് പോള്‍ വരാനിരിക്കെ മെയ് 31ന് കോടികളുടെ വിദേശ നിക്ഷേപം ഉണ്ടായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
നടന്നത് ക്രിമിനല്‍ കുറ്റമാണെന്നും സംയുക്ത പാര്‍ലമെന്‍ററി സമിതി സംഭവം അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ ആഭ്യന്തര സര്‍വേയില്‍ അവര്‍ക്ക് 220 സീറ്റുകളെ ലഭിക്കു എന്ന് വ്യക്തമായിരുന്നതാണ്. ജൂണ്‍ മൂന്നിന് ഓഹരി വിപണി വന്‍ കുതിപ്പുണ്ടാക്കി. എന്നാല്‍ ജൂണ്‍ നാലിന് വിപണി തകര്‍ന്നടിയുന്ന കാഴ്‌ചയാണ് രാജ്യത്ത് കാണാനായതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Also Read:ജൂൺ എട്ടിനല്ല, മോദിയുടെ സത്യപ്രതിജ്ഞ തീയതിയിൽ മാറ്റമെന്ന് റിപ്പോർട്ട്