ശ്രീനഗർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ശ്രീനഗറിൽ നടത്തിയ സന്ദർശനത്തിൽ കശ്‌മീരി സ്‌ത്രീകളുമായി സംവദിച്ചു. 11 മിനിറ്റ് ദൈർഘ്യമുള്ള സംവാദത്തിന്‍റെ വീഡിയോ തിങ്കളാഴ്‌ച സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തു. കശ്‌മീരിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിയമം, ഭൗതികശാസ്‌ത്രം, ജേണലിസം, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികളുമായാണ് രാഹുൽ സംഭാഷണത്തിലേർപ്പെട്ടത്. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയൽ, സ്‌ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, രാഷ്‌ട്രീയം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു.
കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം പരാമർശിച്ചാണ് രാഹുൽ ഗാന്ധി സ്‌ത്രീകളോട് പുരുഷന്മാർക്കുള്ള സമീപനം തെറ്റാണെന്ന് പറഞ്ഞത്. സ്‌ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ചും അനീതികളെക്കുറിച്ചും അവർ തുറന്ന് സംസാരിച്ചു. പ്രധാനമായും പൊതുഗതാഗതത്തിൽ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥകളാണ് ഇവർ ചൂണ്ടിക്കാണിച്ചത്. പൊതുഗതാഗതത്തിൽ ഉപദ്രവിക്കപ്പെടാത്ത ഒരു സ്‌ത്രീയെ പോലും ഞങ്ങൾ കണ്ടുമുട്ടിയിട്ടില്ലെന്ന് ഇവർ പറഞ്ഞു.
കുറഞ്ഞ സാക്ഷരത നിരക്കും തൊഴിലവസരങ്ങളും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സ്‌ത്രീകൾ മനസ് തുറന്നു. കശ്‌മീരിൽ സ്‌ത്രീകളുടെ തൊഴിൽ നിരക്ക് വെറും 76 ശതമാനമാണ്. അക്കാദമിക് മേഖലകളിൽ ഉൾപ്പെടെ ഉയർന്ന സ്ഥാനങ്ങളിൽ കാര്യമായ സ്‌ത്രീ പ്രാതിനിധ്യം ഇല്ലാത്തതിൽ വിദ്യാർഥിനികൾ ആശങ്ക രേഖപ്പെടുത്തി.