നിവാരി(മധ്യപ്രദേശ്):വയനാട്ടില്‍ നിന്നും എംപിയായി വിജയിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രമുഖ ഹിന്ദു സന്യാസി സ്വാമി രാമഭദ്രാചാര്യ രംഗത്ത്. മധ്യപ്രദേശിലെ ഛത്രാപൂര്‍ ജില്ലയിലുള്ള ബാഗേശ്വര്‍ ധാമിലെ സന്യാസി ധീരേന്ദ്ര ശാസ്ത്രി സംഘടിപ്പിച്ച സനാതന്‍ ഹിന്ദു ഏകത പദയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ കരങ്ങള്‍ രക്തം കൊണ്ട് നിറഞ്ഞെന്നും, വയനാട്ടില്‍ നിന്നുള്ള പ്രിയങ്കയുടെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് നിരപരാധിയായ ഒരു പശുവിനെ വെടി വച്ച് കൊന്നു കൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഹിംസയെക്കുറിച്ച് സംസാരിക്കുന്നവരുടെ കീഴിലാണ് ഇത് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രിയങ്കയുടെ മാധ്യമ ചുമതലയുള്ള ആളാണ് സന്തോഷം പങ്കുവയ്ക്കാന്‍ പശുവിനെ കൊന്നത്. അവര്‍ ഇനിയും വിജയിച്ചാല്‍ രാജ്യത്ത് പശുക്കളോ ഹിന്ദുക്കളോ അവശേഷിക്കില്ലെന്നും സ്വാമി പറഞ്ഞു. പക്ഷേ നാം അവരെ വിജയിക്കാന്‍ അനുവദിക്കരുത്. ആരെയും കുഴപ്പത്തിലാക്കില്ല, എന്നാല്‍ നമ്മളെ ആരെങ്കിലും കുഴപ്പത്തില്‍ ചാടിച്ചാല്‍ അവരെ വെറുതെ വിടുകയുമില്ല എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ വെടിവച്ച് കൊല്ലുന്ന വൈറലായ ദൃശ്യങ്ങള്‍ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതേസമയം പരാമര്‍ശിക്കപ്പെട്ട ദൃശ്യങ്ങളുടെ വിശ്വാസ്യത സ്ഥിരീകരിക്കാന്‍ ഇടിവി ഭാരതിന് കഴിഞ്ഞിട്ടില്ല.