ന്യൂഡൽഹി :മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അനുശോചനം രേഖപ്പെടുത്തി പ്രസിഡൻ്റ് ദ്രൗപതി മുർമു. വാർധക്യസഹജമായ അസുഖം മൂലം ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ (ഡിസംബർ 26) ആണ് മരിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നും രാഷ്ട്രത്തിനായി നൽകിയ സേവനത്തിന് അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നും ദ്രൗപതി മുർമു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഷ്‌ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്‌ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്ന് സമൂഹമാധ്യമമായ എക്‌സിൽ മുർമു പറഞ്ഞു. 'അദ്ദേഹത്തിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്‌ടമാണ്. കുടുംബത്തിനോടും സുഹൃത്തുക്കളോടും ഞാനെൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.' അവർ കൂട്ടിച്ചേർത്തു.
'ഇന്ത്യയുടെ ഏറ്റവും വിശിഷ്‌ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിമത്വത്തിൽ നിന്ന് ഉയർന്നുവന്ന അദ്ദേഹം എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു, വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളും ഉൾക്കാഴ്‌ചയുള്ളതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി.' -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'മൻമോഹൻ സിങ് ജി ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എൻ്റെ അനുശോചനം രേഖപ്പടുത്തുകയാണ്. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്‌ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കുന്നതായിരിക്കും.' രാഹുൽ ഗാന്ധി പറഞ്ഞു.
'ഒരു അതികായന്‍റെ വിയോഗത്തിൽ രാജ്യം വിലപിക്കുന്നു. അർവ്വാചീനനായ മഹാനും സ്വാതന്ത്ര്യാനന്തര നായകനുമായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ജിയുടെ വിയോഗത്തിൽ നാം അനുഭവിക്കുന്ന വേദനയും സങ്കടവും വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല. ധനമന്ത്രിയെന്ന നിലയിൽ, അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക വിധി തിരുത്തിയെഴുതുകയും വളർച്ചയുടെയും സമൃദ്ധിയുടെയും യുഗം സൃഷ്‌ടിക്കുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ സംഭാവനകൾ നമ്മുടെ ചരിത്രപുസ്‌തകങ്ങളിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെടും' കെസി വേണുഗോപാൽ പറഞ്ഞു.