ബാരബങ്കി : ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
പ്രദേശത്ത് കൂട് സ്ഥാപിക്കാനും ഉത്തരവിട്ടു. വനം വകുപ്പിന്‍റെ മൂന്ന് സംഘങ്ങൾ പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ഫത്തേപൂർ ഫോറസ്റ്റ് റേഞ്ചിലെ പുറൈന ഗ്രാമത്തിന് പുറത്ത് കന്നുകാലികളെ മേയ്ക്കുകയായിരുന്ന ചില ഗ്രാമവാസികൾ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടതായി പറഞ്ഞതിനെ തുടര്‍ന്നാണ് ആശങ്ക ഉയര്‍ന്നത്. തുടര്‍ന്ന് ഗ്രാമവാസികള്‍ ചേര്‍ന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
പുള്ളിപ്പുലിയുടേതിന് സമാനമായ വന്യമൃഗത്തിന്‍റെ കാല്‍പാടാണ് കണ്ടെത്തിയതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.കെ സിന്‍ഹ പറഞ്ഞത്. വന്യമൃഗത്തെ പിടികൂടാൻ 8-8 മണിക്കൂർ ഡ്യൂട്ടിയില്‍ മൂന്ന് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങളെ പിടിക്കാനുള്ള കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വന്യമൃഗങ്ങളുടെ ശല്യത്തില്‍ ബഹ്‌റൈച്ച്, സീതാപൂര്‍, ബാരബങ്കി തുടങ്ങിയ ഗ്രാമങ്ങള്‍ വലയുകയാണ്. ഒരു മാസത്തിനിടെ ബഹ്‌റൈച്ച് ഗ്രാമത്തില്‍ നരഭോജി ചെന്നായ കൊന്നത് ഒമ്പത് പേരെയാണ്. സീതാപൂരിൽ കഴിഞ്ഞ ദിവസം ഒരു വൃദ്ധയും ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇക്കാരണത്താൽ യുപിയിൽ ചെന്നായ്ക്കളിൽ വലിയ ഭീതിയാണ് നിലനിൽക്കുന്നത്.
Also Read :ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായ ആക്രമണം; വൃദ്ധയെ കടിച്ചുകൊന്നു