ബെംഗളൂരു :2022-ല്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) അറസ്റ്റ് ചെയ്‌തു. ഒളിവിലായിരുന്ന മുഖ്യപ്രതിയേയും രണ്ട് കൂട്ടാളികളെയുമാണ് രണ്ട് വര്‍ഷത്തിന് ശേഷം എൻഐഎ പിടികൂടിയത്.
ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്ക് ബെല്ലാരി സ്വദേശി മുഹമ്മദ് മുസ്‌തഫ പൈച്ചാർ, കുടക് സോംവാർപേട്ട് സ്വദേശി ഇല്യാസ്, ഇരുവർക്കും അഭയം നൽകിയ സിറാജ് എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഹാസൻ ജില്ലയിലെ സകലേഷ്‌പൂർ അനേമഹലിന് സമീപം വച്ചാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് മുസ്‌തഫ. മൂവരെയും ബെംഗളൂരുവിലേക്ക് കൊണ്ടുവരും.
പ്രവീൺ നെട്ടാരു വധക്കേസിലെ മുഖ്യ പ്രതിയായ മുസ്‌തഫയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈ 26 ന് സുള്ള്യ താലൂക്കിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകർ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസില്‍ മൊത്തം 20 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ, കസ്റ്റഡിയിലെടുത്തവർ സജീവമായിരുന്നു എന്ന് എന്‍ഐഎ വ്യക്തമാക്കി. 2047-ഓടെ ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളിൽ പിഎഫ്ഐ പ്രവർത്തകർ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിവിധ ഹിന്ദു നേതാക്കളെ കൊല്ലാനും ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി അംഗങ്ങള്‍ക്കുള്ള പരിശീലനവും നല്‍കി. എൻഐഎ കുറ്റപത്രത്തിൽ പരാമർശിച്ച, ടാർഗറ്റ് ചെയ്യപ്പെട്ടവരിൽ ഒരാളാണ് പ്രവീൺ നെട്ടാരു.
Also Read: നിരോധിത സംഘടനയ്ക്ക് സ്‌ഫോടക വസ്‌തു നിർമിച്ച് നൽകി: മൂന്ന് മാവോയിസ്‌റ്റുകൾക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു - NIA CHARGE SHEET THREE MAOIST