അസം: 'വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും', വായനയുടെ പ്രാധാന്യം മനസിലാക്കാൻ കുഞ്ഞുണ്ണി മാഷ് പറഞ്ഞ കുട്ടിക്കവിതയാണിത്. ബസിലും ട്രെയിനിലും വീട്ടിലും ഒക്കെ ഇത്തരത്തിൽ വായനയിൽ മുഴുകി ഇരിക്കുന്നവരേയും നമ്മള്‍ കാണാറുണ്ട്.
എന്നാൽ നാഗോണിലെ ഈ വായനയുടെ ഇടം വ്യത്യസ്‌തമാണ്. ജിൽമിൽ ബർദോളിയുടെ സലൂണ്‍ ആണ് മുടിവെട്ടാന്‍ എത്തുന്നവർക്കു മുന്നിൽ വായനയുടെ വലിയ ഒരു ലോകം തുറന്നിടുന്നത്. സാധാരണ സലൂണുകളിൽ മ്യൂസിക് സിസ്‌റ്റമോ ടിവിയോ ഒക്കെയാണെങ്കിൽ ഇവിടെ എത്തുന്നവർക്ക് വിനോദത്തിനായി പുസ്‌തകങ്ങളാണ് വച്ചിരിക്കുന്നത്.
യുവതലമുറയെ വായനയിലേക്ക് ആകർഷിക്കാനും അവർക്ക് പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കാനും ലക്ഷ്യമിട്ടാണ് പുസ്‌തകപ്രേമിയായ ജിൽമിൽ ബർദോളി സലൂണിൽ പുസ്‌തകങ്ങളൊരുക്കിയിരിക്കുന്നത്. സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യം.
2016ൽ ഈ സലൂൺ സ്ഥാപിതമായത് മുതൽ പുസ്‌തകങ്ങളും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. നാഗോണിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഖലിഗാവോൺ എന്ന സ്ഥലത്താണ് ഈ സലൂണുള്ളത്. ഇവിടെ എത്തുന്നവർക്ക് ഇഷ്‌ടാനുസരണം പുസ്‌തകങ്ങൾ എടുത്ത് ഇവിടെ ഇരുന്ന് വായിക്കാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് രസിക്കാന്‍ കഴിയുന്ന പുസ്‌തകങ്ങളാണ് ജിൽമിൽ ബർദോളിയുടെ സലൂണിലുള്ളത്. മാന്ത്രിക ലോകത്തെ യക്ഷിക്കഥകളും കുട്ടിക്കഥകളും തുടങ്ങി പ്രശസ്‌തരായ എഴുത്തുകാരുടെ വ്യത്യസ്‌ത ജോണറുകളിലുള്ള പുസ്‌തകങ്ങള്‍ വരെ സലൂണിലുണ്ട്.
ഡോ. മാമോണി റോയ്‌ചാം ഗോസ്വാമി, അനുരാധ ശർമ്മ പൂജാരി, ഡോ. ലക്ഷ്‌മിനന്ദ ബരാക് തുടങ്ങി നിരവധി പ്രശസ്‌തരായ എഴുത്തുകാരുടെ പുസ്‌തകങ്ങളാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നത്. നിരവധി പേരാണ് വായിക്കാൻ ആയി ഇവിടെ എത്തുന്നത്. സ്ഥിരം സലൂണിലെത്തുന്ന വായനക്കാർക്ക് പുസ്‌തകങ്ങൾ വായിക്കാൻ കൊടുത്തു വിടുന്ന പതിവും ബർദോളിക്കുണ്ട്.
'സലൂൺ തുടങ്ങുക എന്നത് തന്‍റെ ഒരു സ്വപ്‌നമായിരുന്നു. അതേസമയം വായനയിലും തനിക്ക് താത്‌പര്യമുണ്ടായിരുന്നു. എല്ലാവരിലേക്കും ആ ശീലം എത്തിക്കുവാൻ വേണ്ടിയാണ് സലൂണിൽ പുസ്‌തകം വച്ചിരുന്നത്', ബർദോളി പറഞ്ഞു.
മാത്രമല്ല, പ്രദേശത്തെ ഒരു ലൈബ്രറി ആരും ഉപയോഗിക്കാതെ നാശത്തിന്‍റെ വക്കിലാണ്. ആളുകളിൽ വായനാ ശീലം വളർത്തി ഈ ലൈബ്രറിയെ സംരക്ഷിക്കാനുള്ള ശ്രമം കൂടിയാണിതെന്ന് ബർദോളി പറഞ്ഞു. മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അടക്കിവാഴുന്ന ഈ കാലത്ത് വായനയെ കൂടി സ്‌നേഹിക്കുക എന്ന സന്ദേശം ആണ് ഇതു വഴി ബർദോളി സമൂഹത്തിന് നൽകുന്നത്.