ചെന്നൈ: 180 ഡിഗ്രി വരെ കറങ്ങുന്ന ഇരിപ്പിടങ്ങള്‍, ഏറ്റവും മുന്തിയ ലൈറ്റിങ്ങ് സംവിധാനങ്ങള്‍, അത്യാധുനിക സീറ്റുകൾ, ചാർജിങ് പോയിന്‍റുകൾ, വാട്ടർ ബോട്ടിൽ ഹോൾഡറുകൾ... രാജ്യത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള പുത്തന്‍ തലമുറ അമൃത്‌ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതല്‍ അമൃത് ഭാരത് കോച്ചുകള്‍ പുറത്തിറക്കാനുള്ള പ്രവൃത്തി ചെന്നൈക്കടുത്ത് പെരമ്പൂരിലുള്ള ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയില്‍ പുരോഗമിക്കുകയാണ്. ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയില്‍ നിര്‍മ്മാണത്തിലുള്ള പുത്തന്‍ അമൃത് ഭാരത് റേക്കുകളും വിസ്റ്റഡോം കോച്ചുകളും പരിശോധിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ടെത്തി.
എന്തൊക്കെ മാറ്റങ്ങള്‍:
നിലവിലുള്ള അമൃത് ഭാരത് റേക്കുകളിലും കോച്ചുകളിലും 12 മാറ്റങ്ങളുമായാണ് പുത്തന്‍ തലമുറ അമൃത് ഭാരത് കോച്ചുകള്‍ ഒരുങ്ങുന്നത്. അലൂമിനിയം ഹാച്ച് ഡോറുകളും എസ് എസ് വാഷ് ബേസിനുകളും കൊറിയന്‍ ടോപ്പും പുറംകാഴ്ചകള്‍ ആസ്വദിക്കുന്നതിനുള്ള വലിയ ഗ്ലാസ് ജനല്‍ ചില്ലുകളും 180 ഡിഗ്രി വരെ കറങ്ങാവുന്ന ചെയറുകളുമടങ്ങുന്നതാണ് വിസ്റ്റഡോം കോച്ചുകള്‍.
സെമി-ഓട്ടോമാറ്റിക് കപ്പിൾറ്റുകൾ, മോഡുലാർ ടോയ്‌ലറ്റുകൾ, ചെയർ പില്ലറുകൾ, പാർട്ടീഷനുകൾ, എമർജൻസി ടോക്ക് ബാക്ക് ഫീച്ചർ, എമർജൻസി ബ്രേക്ക് സിസ്റ്റം, അഡ്വാൻസ്‌ഡ് ലൈറ്റിങ് സിസ്റ്റം, അത്യാധുനിക സംവിധാനങ്ങളോടെയുള്ള സീറ്റുകൾ, ബെർത്തുകൾ എന്നിവ പരിഷ്‌കരിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയില്‍ പുത്തന്‍ തലമുറയില്‍പ്പെട്ട 50 അമൃത്‌ഭാരത് 2.0 ട്രെയിനുകൾ കൂടി നിര്‍മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) ജനറൽ മാനേജർ യു സുബ്ബ റാവുവിനോടൊപ്പം പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി.
'അമൃത് ഭാരത് പതിപ്പ് 2.0 ഇവിടെ നിർമിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്. അമൃത് ഭാരത് പതിപ്പ് 1.0 കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്, കഴിഞ്ഞ ഒരു വർഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ, അമൃത് ഭാരത് പതിപ്പ് 2.0 ൽ നിരവധി പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്,' എന്ന് ഐസിഎഫ് സന്ദര്‍ശിച്ചതിന് ശേഷം വൈഷ്‌ണവ് പ്രതികരിച്ചു.
അമൃത് ഭാരത് ട്രെയിനുകളില്‍ വരുത്തിയ ചില സുപ്രധാന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. മുഴുവൻ ട്രെയിനിലും 12 സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"കേന്ദ്രവും റെയില്‍വേ മന്ത്രാലയവും ജനങ്ങളുടെ ക്ഷേമത്തിനായുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. താങ്ങാവുന്ന നിരക്കില്‍ ജനങ്ങള്‍ക്കായി 50 അമൃത് ഭാരത് പതിപ്പ് 2.0 ട്രെയിനുകൾ വരുന്ന രണ്ട് വർഷത്തിനുള്ളിൽ (ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ) നിർമിക്കും.ഇത് ദീർഘദൂര യാത്ര ചെയ്യുന്ന ആളുകൾക്ക് വളരെ താങ്ങാനാവുന്ന സേവനവും ഉയർന്ന നിലവാരമുള്ള യാത്രാനുഭവവും നൽകും.
അത്യാധുനിക സീറ്റുകൾ, ചാർജിങ് പോയിന്‍റുകൾ,വാട്ടർ ബോട്ടിൽ ഹോൾഡറുകൾ തുടങ്ങിയ സൗകര്യങ്ങൾ ജനറൽ കോച്ചിലും ഉണ്ടാകും." അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് സർക്കാർ രാഷ്‌ട്രീയത്തിന് അതീതമായി ജനങ്ങളെ സേവിക്കാൻ തയ്യാറാകണമെന്നും ചെന്നൈയില്‍ കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റെയില്‍വേ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.10 ,000 ലോക്കോമോട്ടീവുകളിൽ KAVACH (ട്രെയിൻ അപകടങ്ങൾ തടയാൻ സഹായിക്കുന്ന ഉപകരണം) റെയിൽവേ സ്ഥാപിച്ചിട്ടുണ്ടെന്നും 15,000 കിലോമീറ്റർ ട്രാക്ക് സൈഡ് ഫിറ്റിംഗുകളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടെലികോം ടവറുകളും സ്ഥാപിക്കുന്നുണ്ട്. സുരക്ഷയ്ക്കായി ലോക്കോമോട്ടീവുകളുടെ മുൻവശത്ത് ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.