പത്തനംതിട്ട: മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയിൽ പേട്ട തുള്ളൽ ഭക്തി സാന്ദ്രമായി. ഇന്ന് രാവിലെ അമ്പലപ്പുഴ സംഘം ആചാര പ്രകാരം പേട്ടതുള്ളി. ആലങ്ങാട്ട് സംഘം വൈകുന്നേരം പേട്ട തുള്ളും.
മതസൗഹാർദ്ദത്തിൻ്റെയും സഹോദര്യത്തിൻ്റെയും പ്രതീകമായ എരുമേലി പേട്ട തുള്ളലിൽ ആയിരക്കണക്കിനു അയ്യപ്പ ഭക്തരാണ് പങ്കെടുത്തത്. കൈയ്യിൽ ശരക്കോലും പച്ചിലകളും ഏന്തി ശരീരമാകെ സിന്ദൂരം പൂശി വാദ്യമേളത്തിൻ്റെ അകമ്പടിയോടെയാണ് പേട്ടതുള്ളല്‍. സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോം താളത്തിൽ സ്വാമിഭക്തർ ചുവടുവച്ചു കൊച്ചമ്പലത്തിൽ നിന്ന് പുറപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാവിലെ ആകാശത്തു ശ്രീകൃഷ്‌ണപ്പരുന്ത് വട്ടമിട്ടു പറന്ന ശേഷം അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിച്ചു. കൊച്ചമ്പലത്തിൽ നിന്നു എത്തിയ അമ്പലപ്പുഴ സംഘത്തെ പുഷ്‌പവൃഷ്‌ടി നടത്തിയും വാവരു പള്ളിയിലെ പ്രതിനിധികൾ മാലയിട്ടു സ്വീകരിച്ചു. വാവരുടെ പ്രതിനിധി ആസാദ് താഴത്തു വീട്ടിൽ അമ്പലപ്പുഴ സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്‌ണ പിള്ളയെ കൈപിടിച്ച് ആനയിച്ചു.ആൻ്റോ ആൻ്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ബിജെപി മധ്യമേഖല അധ്യക്ഷൻ എന്‍. ഹരി, എരുമേലി പഞ്ചായത്ത് അധികൃതർ, ദേവസ്വം ബോർഡ് പ്രതിനിധികൾ എന്നിവരും അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചു.
വൈകിട്ട് ആറിന് ആലങ്ങാട്ട് സംഘം വലിയമ്പലത്തിൽ പ്രവേശിക്കും. ഭഗവാൻ അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിന്‍റെ ആഹ്ളാദ പ്രതീകമായാണ് എരുമേലി പേട്ടതുള്ളൽ നടക്കുന്നത്.