തിരുവനന്തപുരം: തിരുനെല്‍വേലിയിലെ നടുക്കല്ലൂര്‍, കൊടഗനല്ലൂര്‍ ഗ്രാമങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് കേരളം തലയൂരിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെ ഇടപെട്ടതോടെ തിരികെ മാലിന്യം കേരളത്തിലേക്കു വണ്ടി കയറ്റി. പക്ഷേ ആ മാലിന്യത്തിന്‍റെ സംസ്‌കരണം ഇപ്പോഴും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.
കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുണ്ടായിട്ടും ഒരു മാസമായി ആശുപത്രി മാലിന്യം സംസ്ഥാനം സൂക്ഷിക്കുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ ചുമതലയിലായിരുന്നു 2024 ഡിസംബറില്‍ 390 ടണ്ണോളം ആശുപത്രി മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
പുനര്‍ചംക്രമണത്തിനായി മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയെങ്കിലും ഇതു വരെ സംസ്‌കരിച്ചിട്ടില്ല. കൊല്ലം, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ആശുപത്രി മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സംസ്‌കരിക്കാന്‍ കഴിയുവെന്നും ക്ലീന്‍ കേരള കമ്പനി എം ഡി സുരേഷ് ഇ ടി വി ഭാരതിനോട് പറഞ്ഞു. ഇതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിന് ക്ലീന്‍ കേരള കമ്പനി കത്ത് നല്‍കിയെന്നും സുരേഷ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ അനുമതി തേടി ആരും ഇതുവരെ കത്ത് നല്‍കിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീകല പ്രതികരിച്ചത്. മാലിന്യ നിര്‍മാര്‍ജന രീതി വിശദീകരിക്കുന്ന കത്തുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാലിന്യം ശേഖരിച്ചവര്‍ തന്നെ അതു ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നാണ് ശുചിത്വ മിഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ അനൗദ്യോഗികമായി അറിയിച്ചതെന്നും ശ്രീകല ഇ ടി വി ഭാരതിനോട് പറഞ്ഞു.
390 ടണ്ണില്‍ 190 ടണ്‍ മാലിന്യം ബയോ മൈനിങ് ചെയ്യണമോ എറണാകുളം ബ്രഹ്മപുരത്ത് സംസ്‌കരിക്കണമോയെന്ന ആശയക്കുഴപ്പത്തിലാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍. കോടതി ഇടപെട്ട വിഷയമായതിനാല്‍ ദൈനംദിന മാലിന്യ സംസ്‌കരണത്തില്‍ തിരുനെല്‍വേലിയില്‍ നിന്നും കൊണ്ടു വന്ന ആശുപത്രി മാലിന്യം ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ക്ലീന്‍ കേരള കമ്പനി പറയുന്നു. ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവിട്ടു 29 ലോഡ് മാലിന്യമാണ് കേരളത്തിലേക്ക് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ സര്‍ക്കാര്‍ തിരികെ എത്തിച്ചത്.
കരാര്‍ ലംഘനം നടത്തിയ സ്വകാര്യ ഏജന്‍സി സുനേജ് ഇക്കോ സിസ്റ്റംസിനെ സംസ്ഥാന ശുചിത്വ മിഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം ആര്‍ സി സി യില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
ഡിസംബര്‍ 20ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ദക്ഷിണ മേഖലാ ബെഞ്ച് മൂന്ന് ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കാന്‍ കേരള സര്‍ക്കാരിനും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കിയിരുന്നു. കോടതി ഇടപെടലാണ് പ്രധാന പ്രതിസന്ധിയായി ക്ലീന്‍ കേരള കമ്പനിയും ചൂണ്ടിക്കാട്ടുന്നത്.
Also Read:പത്തനംതിട്ട പീഡനം; വിവരം പുറത്തെത്തിച്ചത് കുടുംബശ്രീ സ്നേഹിത പ്രവർത്തകർ