ന്യൂഡൽഹി: രാഷ്‌ട്രീയ പാർട്ടികളെ വിവരാവകാശത്തിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ മറുപടി തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), അഭിഭാഷക അശ്വിനി ഉപാധ്യായ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം തേടിയത്.
എഡിആറിനു വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. കഴിഞ്ഞ 10 വർഷമായി തൻ്റെ ഹർജി പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ മറ്റ് ഹർജികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അന്തിമ വാദം കേൾക്കുന്നതിനായി ഏപ്രിൽ 21ന് കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. അന്തിമ വാദം കേൾക്കുന്നതിന് മുൻപ് മൂന്ന് പേജിൽ കൂടാത്ത രേഖാമൂലമുള്ള വിശദീകരണം നൽകാനും കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക