ബെംഗളൂരു:ജനതാദള്‍ നേതാവും കര്‍ണാടകയിലെ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പരസ്‌പരം പഴി ചാരി പ്രജ്വൽ രേവണ്ണയുടെ മുൻ കാർ ഡ്രൈവർ കാർത്തിക്കും ബിജെപി നേതാവ് ജി.ദേവരാജ ഗൗഡയും. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ഡ്രൈവര്‍ കാര്‍ത്തിക് ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ 15 വർഷമായി പ്രജ്വല്‍ രേവണ്ണയ്‌ക്കൊപ്പം താന്‍ ജോലി ചെയ്‌തുവെന്നും ഒരു വർഷമായി മാറി നില്‍ക്കുകയാണെന്നും കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞു. 'എന്‍റെ ഭൂമി തട്ടിയെടുക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്‌തതിനാലാണ് പ്രജ്വലുമായി അകന്നത്. ഞാൻ മാനസികമായി പീഡിപ്പിക്കപ്പെട്ടു. ഞാൻ ജോലി മതിയാക്കി ഭൂമി തിരിച്ചുപിടിക്കാനുള്ള എന്‍റെ പോരാട്ടം ആരംഭിച്ചു. സഹായം തേടി ദേവരാജ ഗൗഡയുടെ അരികില്‍ ചെന്നു.' കാര്‍ത്തിക് പറഞ്ഞു.
2023-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹോളനരസിപുര നിയമസഭ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് രേവണ്ണയോട് പരാജയപ്പെട്ട വ്യക്തിയാണ് ദേവരാജ ഗൗഡ. അതിനിടെ, അശ്ലീല ഫോട്ടോകളും വീഡിയോകളും പുറത്തുവിടുന്നത് തടയാൻ പ്രജ്വല്‍ രേവണ്ണ സ്‌റ്റേ ഓർഡർ വാങ്ങിയിരുന്നു. സ്‌റ്റേ നീക്കാൻ സഹായിക്കുന്നതിന്, ജഡ്‌ജിക്ക് കൈമാറാമെന്ന് വാഗ്‌ദാനം ചെയ്‌താണ് ദേവരാജ ഗൗഡ ഫോട്ടോകളും വീഡിയോകളും കൈമാറാൻ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ വിശ്വസിച്ച് ഞാൻ ഒരു പകർപ്പ് അദ്ദേഹത്തിന് നൽകി. അത് അദ്ദേഹം ഉപയോഗിച്ചു.'- കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞു.
ദേവരാജ ഗൗഡയ്ക്ക് അല്ലാതെ വീഡിയോ കോൺഗ്രസ് നേതാക്കൾക്കും മറ്റാർക്കും നൽകിയിട്ടില്ലെന്നും കാര്‍ത്തിക് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പ്രജ്വലുമായി അടുപ്പമുള്ളവരായതിനാലാണ് വീഡിയോകളും ഫോട്ടോകളും അവർക്ക് നൽകാതിരുന്നത് എന്നും കാര്‍ത്തിക് വ്യക്തമാക്കി.