നാഗ്‌പൂര്‍: ഒരു കുടുംബത്തിന്‍റെയും ഉടമസ്ഥതയിലല്ലാത്ത, അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് സ്വന്തമായ ഒരേയൊരു ദേശീയ പാര്‍ട്ടി ബിജെപി മാത്രമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നാഗ്‌പൂരിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ വാക്കുകള്‍. ബിജെപി ഒരു ജനാധിപത്യ സംഘടനയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
'ബിജെപി ഒരു ജനാധിപത്യ സംഘടനയാണ്. രാജ്യത്ത് രജിസ്റ്റർ ചെയ്‌ത 2,300ലധികം പാർട്ടികളുണ്ടെങ്കിലും ഒരു കുടുംബത്തിൻ്റേയും ഉടമസ്ഥതയിലുള്ളതല്ലാത്ത ആകെ രണ്ട് പാര്‍ട്ടികള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. അത് ബിജെപിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അധികകാലം ദേശിയ പാര്‍ട്ടിയായി തുടരില്ല. അതിനാല്‍ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ഉടമസ്ഥതയിലുള്ള ഏക ദേശിയ പാർട്ടിയാണ് ബിജെപി' - ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ബിജെപി ദേശിയ പാര്‍ട്ടിയായത് കൊണ്ടാണ് നരേന്ദ്ര മോദി ചായക്കടയില്‍ നിന്ന് പ്രധാനമന്ത്രി വരെ ആയത്. ഒരു ഗോഡ് ഫാദറിൻ്റെയും പിന്തുണയില്ലാതെയാണ് അദ്ദേഹം പ്രധാനമന്ത്രി ആയത്. ബൂത്ത് തലത്തിൽ തുടങ്ങി, വാർഡ് പ്രസിഡൻ്റായി, മൂന്ന് തവണ മുഖ്യമന്ത്രിയായ ആളാണ് ഞാൻ' - സ്വന്തം രാഷ്‌ട്രീയ ജീവിതത്തിലെ കഴിഞ്ഞ കാലത്തെ വിവരിച്ചുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.
പാർട്ടിയുടെ പ്രത്യേക അംഗത്വ യജ്ഞത്തിനും ദേവേന്ദ്ര ഫഡ്‌നാവിസ് തുടക്കം കുറിച്ചു. നിലവില്‍ ബിജെപിക്ക് 11 കോടി അംഗങ്ങളുണ്ട്. അതില്‍ 1.5 കോടി പ്രവര്‍ത്തകർ മഹാരാഷ്‌ട്രയിൽ നിന്നാണ്. 25 ലക്ഷം പേര്‍ക്ക് കൂടി അംഗത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം ഒരു ലക്ഷം ബൂത്തുകളിലായാണ് പാര്‍ട്ടി അംഗത്വ രജിസ്‌ട്രേഷൻ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.