ബെംഗളൂരു:കർണാടകയിലെ ഹാസൻ എംപിയും ജെഡിഎസ് സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ത്രീകളുടെ അനുവാദമില്ലാതെ ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ വനിത കമ്മിഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ നടപടി.
മുൻ പ്രധാനമന്ത്രിയായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനാണ് കുറ്റാരോപിതനായ രേവണ്ണ. ഏപ്രിൽ 26നാണ് ഹാസൻ പാർലമെൻ്റ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. മെയ് 7ന് നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ഈ സംഭവവികാസം സംസ്ഥാനത്ത് വൻ വിവാദം സൃഷ്‌ടിച്ചേക്കുമെന്നും ഹാസൻ ജില്ലയിൽ അശ്ലീല വീഡിയോ ക്ലിപ്പിംഗുകൾ പ്രചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.