മുംബൈ : മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി. ചോട്ടാരാജന്‍റെ ഗുണ്ടാസംഘത്തിലെ രാം നാരായണ്‍ ഗുപ്തയെ 2006ല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. നേരത്തെ സെഷന്‍സ് കോടതി പ്രദീപ് ശര്‍മ്മയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയായിരുന്നു.
കീഴ്‌ക്കോടതി വിധി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രേവതി മോഹിതെയും ഗൗരി ഗോഡ്‌സെയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ വിധി റദ്ദാക്കിയത്. മുന്‍ വിധിയില്‍ ക്രമക്കേടുകളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശര്‍മ്മയ്‌ക്കെതിരെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും കോടതി അവ വേണ്ട വിധം പരിശോധിച്ചില്ല. ഈ തെളിവുകള്‍ എല്ലാം കേസില്‍ പ്രദീപ് ശര്‍മ്മയുടെ പങ്കാളിത്തം തെളിയിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി(Pradeep Sharma).
2006 നവംബര്‍ 11നാണ് പൊലീസ് രാം നാരായണ്‍ ഗുപ്‌ത എന്ന ലഖാന്‍ ഭയ്യയെ പിടികൂടിയത്. നവിമുംബൈയിലെ വാശിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സുഹൃത്ത് അനില്‍ ഭേഡയെയും ഇയാള്‍ക്കൊപ്പം പിടികൂടിയിരുന്നു. അന്ന് വൈകിട്ട് തന്നെ പശ്ചിമ മുംബൈയിലെ വെര്‍സോവയില്‍ വച്ച് കൃത്രിമമായി ഉണ്ടാക്കിയ ഏറ്റുമുട്ടലില്‍ ഇയാളെ കൊല്ലുകയായിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെറ്റായ തടങ്കല്‍ എന്നിവയടക്കം ശര്‍മ്മയ്ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കാനായിട്ടുണ്ട്(Fake encounter).
മൂന്നാഴ്ചയ്ക്കുള്ളില്‍ ഇയാള്‍ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രദീപ് ശര്‍മ്മയ്‌ക്കെതിരെയുള്ള കേസുകള്‍ അവസാനിക്കുന്നില്ല. 2021ല്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തിലും വ്യവസായി മന്‍സുഖ് ഹിരാനി കൊല്ലപ്പെട്ടതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ഇയാള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിട്ടുണ്ട്. കേസില്‍ മറ്റ് 13 പേര്‍ക്ക് കൂടി കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ഇതില്‍ 12 പേര്‍ പൊലീസുകാരാണ്.