കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ കളം നിറഞ്ഞ് വിമതർ; കൊടിയേറുന്നത് വാശിയേറിയ മത്സരത്തിന് - INSURGENTS MAHARASHTRA ELECTION

മത്സരരംഗത്തുള്ളത് 157 വിമതർ. സഖ്യകക്ഷികള്‍ തമ്മിലും മത്സരം.

Maharashtra Assembly Election 2024  157 insurgents In Maharashtra  Maharashtra BJP Insurgents  maharashtra Congress Insurgents
Insurgents Raise Threat In Maharashtra Election (ETV Bharat)

By ETV Bharat Kerala Team

Published : Nov 8, 2024, 8:00 PM IST

മുംബൈ: നവംബർ 20 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുമ്പോള്‍ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് തലവേദനയാവുകയാണ് വിമത സ്ഥാനാർഥികൾ. സംസ്ഥാനത്ത് ആകെയുള്ള 288 അസംബ്ലി സീറ്റുകളിലേക്ക് മത്സരിക്കുന്ന 4140 സ്ഥാനാർഥികളിൽ 157 പേർ വിമതരാണ്. ഈ വിമതരിൽ പലരും സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്ക് എതിരെയാണ് നിലകൊള്ളുന്നതെന്നതും ശ്രദ്ധേയമാണ്.

വിമത നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിൻ്റെ കനത്ത പരാജയം കണക്കിലെടുത്ത് എല്ലാ ഘടക കക്ഷികളും ഇത്തവണ പരമാവധി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ബിജെപിയിൽ ഉള്‍പ്പെടെ വിമതരുടെ എണ്ണം വളരെ കൂടുതലാണ്.

ഷിൻഡെ ഗ്രൂപ്പിലും അജിത് പവാർ ഗ്രൂപ്പിലും വിമതർ മത്സരരംഗത്തുണ്ട്. മഹാവികാസ് അഘാഡിയിലും ഇതുതന്നെയാണ് സ്ഥിതി. ഘടകകക്ഷികളിൽ ശരദ് പവാറിൻ്റെ പാർട്ടിയും വലിയ തോതിലുള്ള വിമത നീക്കങ്ങളാണ് തെരഞ്ഞെടുപ്പിൽ നേരിടുന്നത്.

ലോക്‌സഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലും നിയമസഭയിലേക്ക് ടിക്കറ്റ് നൽകാത്തതിലും അതൃപ്‌തി പ്രകടിപ്പിച്ചാണ് പല വിമതരും രംഗത്തിറങ്ങിയിരിക്കുന്നത്. പൂനെ ജില്ലയിലെ 21 മണ്ഡലങ്ങളിൽ 11 എണ്ണത്തിലും വിമത സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

പ്രമുഖ വിമതർ

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ശരദ് പവാർ ഗ്രൂപ്പിൽ ചേർന്ന ഹർഷവർധൻ പാട്ടീൽ, ഇന്ദാപൂരിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടു. ബീഡ് മണ്ഡലത്തിൽ എംഎൽഎ സന്ദീപ് ക്ഷീർസാഗറിനെ അജിത് പവാർ ഗ്രൂപ്പ് വീണ്ടും മത്സരരംഗത്തിറക്കിയപ്പോള്‍ പാർട്ടിയുടെ ജ്യോതി മേട്ടെ വിമതനായി. നന്ദേദിലെ മുഖേദ് അസംബ്ലി മണ്ഡലത്തിൽ തുഷാർ റാത്തോഡ് എംഎൽഎയെ ബിജെപി വീണ്ടും നിർത്തിയപ്പോൾ ഷിൻഡെ സേന നേതാവ് ബാലാജി പാട്ടീൽ ഖട്‌ഗാവ്കർ ആണ് പാർട്ടിക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചത്.

അമരാവതിയിലെ ബദ്‌നേര മണ്ഡലത്തിൽ രവി റാണയ്‌ക്കെതിരെ ബിജെപിയുടെ തുഷാർ ഭാരതീയ മത്സരിക്കും. അതുപോലെ, ശിവസേന യുബിടി ഗ്രൂപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രീതി ബാൻഡ്, സുനിൽ ദേശ്‌മുഖിനെതിരെ വെല്ലുവിളി ഉയർത്തുന്നുണ്ട്. നാഗ്‌പൂർ ജില്ലയിലെ യുബിടി ഗ്രൂപ്പിലെ വിശാൽ ബർബത്തേയ്‌ക്കെതിരെ കോൺഗ്രസിൻ്റെ രാജേന്ദ്ര മുലക് ആണ് കരുനീക്കിയിരിക്കുന്നത്.

വിമതർക്കെതിരെ നടപടി

വിമതരെ ഒതുക്കാൻ എല്ലാ പാർട്ടികളും അവസാന നിമിഷം വരെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പലയിടത്തും പരാജയപ്പെടുകയായിരുന്നു. 40 വിമതരെ ബിജെപി 6 വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ഇത്തരമൊരു നടപടിക്ക് മുന്നിട്ടിറങ്ങിയത്.

എന്നാൽ നടപടി സ്വീകരിക്കാത്ത വിമതരും മത്സരരംഗത്തുണ്ട്. ഷിർദിയിൽ റവന്യൂ മന്ത്രി രാധാകൃഷ്‌ണ വിഖേ പാട്ടീലിനെതിരെ നിന്ന രാജേന്ദ്ര പിപദയ്‌ക്കെതിരെ നടപടിയില്ല. അഹമ്മദ്‌പൂരിൽ ബിജെപിയുടെ വിമത സ്ഥാനാർഥി ഗണേഷ് ഹകെയ്‌ക്കെതിരെയും നടപടിയുണ്ടായില്ല. കൂടാതെ റിസോദിലെ മുൻ എംപി അനന്തറാവു ദേശ്‌മുഖും വിമതനാണെങ്കിലും നടപടിയില്ലെന്നാണ് വിവരം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഭാരവാഹികളെ 6 വർഷത്തേക്ക് പുറത്താക്കൽ നടപടിയും ബിജെപിയും കോൺഗ്രസും സ്വീകരിച്ചിരുന്നു. കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം അറിയിച്ചത്.

വാണി വിധാൻസഭാ ജില്ലാ മേധാവി വിശ്വാസ് നന്ദേക്കർ, മോറെഗാവ് താലൂക്ക് മേധാവി സഞ്ജയ് ആവാരി, സാരി താലൂക്ക് മേധാവി ചന്ദ്രകാന്ത് ഘുഗൽ, യവത്മാൽ പ്രസാദ് കോത്താരെ, ഭിവണ്ടി രൂപേഷ് മാത്രെ എന്നിവരെ ഉദ്ധവ് താക്കറെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

പാർട്ടി സ്ഥാനാർഥികൾക്ക് വിമത സ്ഥാനാർഥികൾ എത്രത്തോളം ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന് ഫലം വരുമ്പോൾ മാത്രമേ വ്യക്തമാകൂ. വിമതർ വിജയിക്കുകയോ ഒരുപക്ഷെ വോട്ട് വിഭജിച്ച് വിജയ സാധ്യത കുറവുള്ള സ്ഥാനാർഥിയെ വിജയിപ്പിക്കുകയോ ചെയ്തേക്കാം.

Also Read:തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോട് കൂടി അവധി; ഉത്തരവിട്ട് തെരഞ്ഞെടുപ്പ് ഓഫിസര്‍

ABOUT THE AUTHOR

...view details