ലഖ്‌നൗ:പരീക്ഷ നടത്തിപ്പ് കമ്പനിയുടെ വീഴ്‌ച മൂലമാണ് 2023ലെ ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് പരീക്ഷ നടത്തിയ ഗുജറാത്ത് ആസ്ഥാനമായ എജ്യു ടെസ്റ്റ് എന്ന കമ്പനിയെ കരിം പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ കമ്പനിയുടമ വിനീത് ആര്യ അമേരിക്കയിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ട്.
എജ്യു ടെസ്റ്റ് തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിനീത് ആര്യയ്ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. എന്നാല്‍ ഇതുവരെ ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഇയാള്‍ അമേരിക്കയിലേക്ക് കടന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കാതെ ഇരുന്നാല്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റ നീക്കം. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് 4 മാസമായി ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.