ന്യൂഡല്‍ഹി: താൻ ഉൾപ്പെടെയുള്ള മനുഷ്യർക്ക് തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും, പക്ഷേ അത് മോശം ഉദ്ദേശ്യത്തോടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനൊപ്പം ഒരു പോഡ്‌കാസ്‌റ്റില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. താൻ ദൈവമല്ലെന്നും, മനുഷ്യനായതിനാല്‍ തനിക്കും തെറ്റുകള്‍ സംഭവിക്കുമെന്നും മോദി വ്യക്തമാക്കി.
നിഖില്‍ കാമത്ത് പുറത്തുവിട്ട പോഡ്‌കാസ്‌റ്റ് വീഡിയോയുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലാണ് മോദിയുടെ പരാമര്‍ശങ്ങള്‍. വീഡിയോയുടെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തുള്ള അനുഭവവും മോദി പങ്കുവച്ചു. 'ഞാൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കഠിനാധ്വാനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല.
എനിക്കുവേണ്ടി ഒന്നും ചെയ്‌തിരുന്നില്ല, തെറ്റുകൾ വരാൻ സാധ്യതയുള്ള ഒരു മനുഷ്യനാണ് ഞാൻ, പക്ഷേ മോശം ഉദ്ദേശ്യത്തോടെ ഞാൻ ഒരിക്കലും തെറ്റ് ചെയ്‌തിട്ടില്ല. ഇതാണ് എന്‍റെ ജീവിതത്തിലെ മന്ത്രം. ഞാൻ ഉൾപ്പെടെ എല്ലാവര്‍ക്കും തെറ്റുകൾ വരാറുണ്ട്. എല്ലാത്തിനുമുപരി, ഞാൻ ഒരു മനുഷ്യനാണ്, ഒരു ദൈവമല്ല,' എന്ന് നിഖിൽ കാമത്ത് സംഘടിപ്പിച്ച പോഡ്‌കാസ്‌റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
താൻ പിന്തുടരുന്ന പ്രത്യയശാസ്‌ത്രത്തെയും മോദി വിവരിച്ചു. പ്രത്യയശാസ്‌ത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ രാഷ്‌ട്രത്തെ എപ്പോഴും ആദ്യം നിലനിർത്തുക എന്നതാണ് പ്രധാനം. സ്വന്തം സൗകര്യത്തിനനുസരിച്ച് നിലപാട് മാറ്റുന്ന തരത്തിലുള്ള ആളല്ല താൻ. ഒരു പ്രത്യയശാസ്‌ത്രത്തിൽ മാത്രം വിശ്വസിച്ചാണ് താൻ വളർന്നത്. ചുരുക്കി പറഞ്ഞാൽ, 'രാഷ്‌ട്രം ആദ്യം' എന്നതാണ് തന്‍റെ പ്രത്യയശാസ്‌ത്രമെന്നും മോദി വ്യക്തമാക്കി.