ന്യൂഡൽഹി : ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ (എസ്‌കെഐസിസി) പത്താമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ഈ വർഷത്തെ ഇവന്‍റ് യുവ മനസുകളിലും ശരീരങ്ങളിലും യോഗയുടെ ആഴത്തിലുള്ള സ്വാധീനത്തെ അടിവരയിടുന്നു.
ആഗോള തലത്തിൽ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന യോഗ പരിശീലനത്തിൽ ആയിരങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം. അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുകയും ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും കോമൺ യോഗ പ്രോട്ടോക്കോൾ സെഷനിൽ പങ്കെടുക്കുകയും ചെയ്യും.
ജമ്മു കശ്‌മീർ യുടി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രാലയത്തിന്‍റെ കേന്ദ്ര സഹമന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി പ്രതാപറാവു ഗണപതിറാവു ജാദവ് എന്നിവരും പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 7,000 ത്തിലധികം ആളുകൾ ഈ പ്രത്യേക അവസരത്തിൽ ശ്രീനഗറിലെ ദാൽ തടാകത്തിന്‍റ തീരത്ത് പ്രധാനമന്ത്രിക്കൊപ്പം ഒത്തുകൂടും. 2015 മുതൽ, ഡൽഹിയിലെ കർത്തവ്യപഥ്, ചണ്ഡീഗഡ്, ഡെറാഡൂൺ, റാഞ്ചി, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അന്താരാഷ്‌ട്ര യോഗ ദിന (ഐഡിവൈ) ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി വരുന്നുണ്ട്.
വ്യക്തി ക്ഷേമവും സാമൂഹിക ഐക്യവും പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ നിർണായക പങ്ക് ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ തീം. 'തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ' എന്നതാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ ഈ വർഷത്തെ പ്രമേയം.
യോഗയുടെ പ്രയോജനങ്ങൾ പരമാവധി വർധിപ്പിക്കുന്നതിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഗ്രാമ പ്രധാൻമാർക്കും ഒരു കത്ത് എഴുതിയിട്ടുണ്ട്. "താഴെത്തട്ടിൽ, യോഗയെ കുറിച്ച് കൂടുതൽ അവബോധം പ്രചരിപ്പിച്ചുകൊണ്ട്, ഒരു ജനകീയ പ്രസ്ഥാനമായി സമഗ്രമായ ആരോഗ്യം ഉണ്ടാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു" എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ALSO READ :പ്രധാനമന്ത്രി നരേന്ദ്ര മോദി 20, 21 തീയതികളിൽ ജമ്മു കശ്‌മീരിൽ; വികസന പദ്ധതികൾക്ക് തറക്കല്ലിടും