കോട്ട: ജെഇഇ മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയ ഒഡിഷയില്‍ നിന്നുള്ള വിദ്യാര്‍ഥി ഓം പ്രകാശ് ബെഹ്‌റ തന്‍റെ വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും അമ്മയ്ക്കാണ് നല്‍കുന്നത്. സ്വന്തം ജോലി പോലും ഉപേക്ഷിച്ചാണ് അമ്മ തനിക്ക് വേണ്ട പിന്തുണ നല്‍കിയതെന്ന് ഓം പ്രകാശ് പറയുന്നു. പതിനെട്ടുകാരനായ ഓം പ്രകാശ് ബെഹ്‌റ കഠിനാദ്ധ്വാനത്തിന്‍റെയും അര്‍പ്പണ ബോധത്തിന്‍റെയും പ്രതീകമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജെഇഇ2025 മെയിന്‍ പരീക്ഷയില്‍ രാജ്യത്ത് മുഴുവന്‍ സ്‌കോറും സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളിലൊരാളാണ് ഓം പ്രകാശ്. കഴിഞ്ഞ ദിവസമാണ് ജെഇഇ ഫലം പുറത്ത് വന്നത്. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ഓം പ്രകാശ് തന്‍റെ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ചു. സ്വന്തം സംസ്ഥാനമായ ഒഡിഷയില്‍ നിന്ന് പ്രവേശന പരീക്ഷകളുടെ കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിലേക്ക് മൂന്ന് വര്‍ഷം മുമ്പാണ് താന്‍ എത്തിയതെന്ന് ഓം പ്രകാശ് വ്യക്തമാക്കി.
ഈ യാത്ര താന്‍ തനിച്ചല്ല വലിയ നേട്ടത്തോടെ പൂര്‍ത്തിയാക്കിയതെന്നും അവന്‍ വ്യക്തമാക്കുന്നു. അമ്മ സ്‌മിതാറാണിക്കാണ് തന്‍റെ നേട്ടത്തിന്‍റെ മുഴുവന്‍ പങ്കുമെന്ന് ഓം പ്രകാശ് പറയുന്നു. തനിക്ക് വേണ്ടി തന്‍റെ അമ്മ പല ത്യാഗങ്ങളും സഹിച്ചു. സ്വന്തം ജോലി പോലും ഉപേക്ഷിച്ചാണ് മകന്‍റെ തയാറെടുപ്പുകള്‍ക്ക് ഒപ്പം നിന്നത്.
മകനെ പിന്തുണയക്കാന്‍ വേണ്ടിയാണ് കോളജ് അധ്യാപികയായ സ്‌മിത തന്‍റെ ജോലി ഉപേക്ഷിച്ചത്. മകനൊപ്പം അവര്‍ കോട്ടയിലേക്ക് താമസം മാറി. ജെഇഇ തയാറെടുപ്പുകള്‍ക്കിടെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോഴൊക്കെ മകന് വേണ്ട പ്രോത്സാഹനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാനായിരുന്നു ഇത്.
കോളജ് അധ്യാപക ജോലി പോലും ഉപേക്ഷിച്ച് മകനൊപ്പം നിലയുറപ്പിച്ച അമ്മ
തീവ്രമായ പഠനത്തിനിടെ തന്‍റെ മകന് പ്രചോദനത്തിനും സഹായങ്ങള്‍ക്കും യാതൊരു കുറവും ഉണ്ടാകരുതെന്ന് നിസ്വാര്‍ത്ഥയായ ആ അമ്മ കരുതി. കോട്ടയില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഇവിടുത്തെ സൗകര്യങ്ങളെയും അവസരങ്ങളെയും കുറിച്ച് തന്നോട് പറഞ്ഞതെന്നും തന്‍റെ ലക്ഷ്യങ്ങള്‍ നേടാന്‍ കോട്ട തന്നെ സഹായിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചെന്നും ഓം പ്രകാശ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായി താനിവിടെ വരുമ്പോള്‍ തനിക്ക് ജെഇഇ മെയിനില്‍ മുന്നൂറ് മാര്‍ക്കും നേടി വിജയിക്കാനാകുമെന്ന് കരുതിയതേയില്ല. ജെഇഇ മെയിനും അഡ്വാന്‍സ്‌ഡും നേടണമെന്നത് മാത്രമായിരുന്നും തന്‍റെ ഉദ്ദേശ്യം.
ഇപ്പോഴിതാ ഇതിലൊരു കടമ്പ കടന്നിരിക്കുന്നു. അടുത്തത് അഡ്വാന്‍സ്‌ഡ് എന്ന ലക്ഷ്യമാണ്. ബോംബെ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് എന്നതാണ് സ്വപ്‌നം. തനിക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ അവിടെ പരിഹാരവുമായി അമ്മയുണ്ടാകുമെന്നും അത് കൊണ്ട് തന്നെ തനിക്ക് യാതൊരു കുഴപ്പവും നേരിടേണ്ടി വരില്ലെന്ന് ഉറപ്പുണ്ടെന്നും ആത്മവിശ്വാസത്തോടെ അവന്‍ പറയുന്നു.
ഒഡിഷ കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പിതാവ് കമലാകാന്ത് ബെഹ്‌റ അടുത്തുള്ള ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം വാങ്ങി ഇടയ്ക്കിടെ എത്തി തങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കിയെന്നും ഓം പ്രകാശ് വ്യക്തമാക്കുന്നു. തന്‍റെ പിതാവും ഒഡിഷയിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ചാണ് ഡല്‍ഹിയിലേക്ക് പോന്നത്. തങ്ങളോട് ചേര്‍ന്ന് നില്‍ക്കാനും വേണ്ട പിന്തുണ നല്‍കാനുമായിരുന്നു ഇതെന്നും ഓം പ്രകാശ് പറയുന്നു.
കോട്ടയുടെ സൗകര്യങ്ങളും സാധ്യതകളും
കോട്ട ധാരാളം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഇവിടുത്തെ അധ്യാപകര്‍ വളരെയേറെ പിന്തുണയും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കേവലം ഒരു സന്ദേശം അയച്ചാല്‍ മതി. അവര്‍ എപ്പോഴും തങ്ങളെ സഹായിക്കാനായി ഒപ്പമുണ്ട്. തന്‍റെ സഹപാഠികള്‍ എപ്പോഴും കഠിന പ്രയ്‌ത്നത്തിലാണ്. ഇത് നമുക്കും അങ്ങനെ ചെയ്യാന്‍ പ്രേരണയുണ്ടാക്കും. പുസ്‌തകങ്ങളും മറ്റ് പഠനോപകരണങ്ങളുമെല്ലാം വളരെ എളുപ്പം ഇവിടെ ലഭ്യമാണെന്നും ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു.
പഠനത്തിന്‍റെ ഇടവേളകളില്‍ താന്‍ ബാഡ്‌മിന്‍റണ്‍ കളിക്കുകയും നോവലുകള്‍ വായിക്കുകയും ചെയ്യുമായിരുന്നുവെന്നും ഓം പ്രകാശ് പറയുന്നു. എല്ലാ ദിവസവും എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നെന്നും ഓംപ്രകാശ് വ്യക്തമാക്കുന്നു.
തനിക്ക് ഫോണുണ്ടായിരുന്നില്ല. പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുമെന്നത് കൊണ്ടാണ് ഫോണ്‍ ഉപയോഗിക്കാതിരുന്നത്. രാവിലെ എട്ട് മണിക്കാണ് തന്‍റെ ദിവസം ആരംഭിച്ചിരുന്നത്. അത് അര്‍ദ്ധരാത്രി വരെ തുടരും. ഇതിനിടെ ഭക്ഷണം കഴിക്കാനായി ഇടവേളകളുണ്ടാകും. ബാക്കി സമയം പൂര്‍ണമായും പഠനത്തിനായി നീക്കി വച്ചിരുന്നു.
ഓരോ പരീക്ഷയ്ക്ക് ശേഷവും ഉണ്ടാകുന്ന തിരിച്ചറിവുകളുടെ പ്രാധാന്യവും ഓം പ്രകാശ് ചൂണ്ടിക്കാട്ടി. എന്‍സിഇആര്‍ടി സിലബസാണ് താന്‍ ജെഇഇ മെയിന് വേണ്ടി ഊന്നല്‍ നല്‍കിയത്. ഓരോ പരീക്ഷയ്ക്കും വേണ്ടി താന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിച്ചു. ഓരോ പരീക്ഷകള്‍ക്കും ശേഷം തന്‍റെ പിശകുകള്‍ വിലയിരുത്തി.
അടുത്തതില്‍ അവ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നും ഓം പ്രകാശ് വ്യക്തമാക്കി. ഭാവിയെ വളരെ നിശ്ചദാര്‍ഢ്യത്തോടെ സമീപിക്കുന്ന വ്യക്തിയാണ് ഓം പ്രകാശ്. പഴയ പിഴവുകളില്‍ കുടുങ്ങാതെ ഭാവിയിലേക്ക് നോക്കി സഞ്ചരിക്കുന്നു.
അര്‍ണവിന്‍റെ വിജയവഴികളില്‍ പ്രചോദനമായത് അച്‌ഛന്‍
കോട്ടയില്‍ തന്നെ പരിശീലനം നടത്തിയ അര്‍ണവ് സിങ്ങും ജെഇഇ മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി. കോട്ടയിലെ ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ് അര്‍ണവിന്‍റെ അച്‌ഛന്‍. അര്‍ണവിനെ കണക്ക് പഠിപ്പിക്കുന്നത് അച്‌ഛനായിരുന്നു.
താന്‍ മകന് യാതൊരു നിര്‍ദ്ദിഷ്‌ട ലക്ഷ്യവും നല്‍കിയിരുന്നില്ല. എന്നാല്‍ പരിശീലനം വളരെ കൃത്യവും ശക്തവും ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഖേദമൊന്നും ഉണ്ടാകുമായിരുന്നില്ല. കാരണം പരിശീലനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും അര്‍ണവ് ഉപയോഗിച്ചിരുന്നു.
![OM PRAKASH BEHERA JEE MAIN EXAM RESULT 2025 ARNAV SINGH JEE MAIN 2025 TOPPER](https://etvbharatimages.akamaized.net/etvbharat/prod-images/12-02-2025/23527935_arnav.jpg)
പത്താംതരം മുതല്‍ തന്നെ ഐഐടി പ്രവേശനത്തിനുള്ള പരിശീലനം ആരംഭിച്ചിരുന്നതായി അര്‍ണവ് വ്യക്തമാക്കി. ആദ്യ ശ്രമത്തില്‍ തന്നെ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കാനായതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടെന്നും അര്‍ണവ് പറഞ്ഞു. എല്ലാവരും തന്നെ വിളിച്ച് അഭിനന്ദിക്കുന്നു. തനിക്ക് സന്തോഷമുണ്ട്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ പഠിക്കുമ്പോള്‍ അവിടെ ചെറിയ ക്ലാസ് മുറികളായിരുന്നു. പരിശീലനത്തിന് വലിയ പ്രാധാന്യവും ഉണ്ടായിരുന്നില്ല. കോട്ടയിലേക്ക് വന്നതോടെ പരിശീലന സ്ഥാപനത്തിന്‍റെ കെട്ടും മട്ടുമെല്ലാം മാറി. രാവിലെ സ്‌കൂളില്‍ പോകണം. ഉച്ചയ്ക്ക് ശേഷം പരിശീലനം ഇതായിരുന്നു ഇവിടുത്തെ ചിട്ട. പരിശീലനത്തിന് ഏറെ സമയം നീക്കി വച്ചു. ബോര്‍ഡ് പരീക്ഷയ്ക്കും നന്നായി അദ്ധ്വാനിച്ചു.
കുട്ടികളില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നതിലല്ല മറിച്ച് അവര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിലാണ് കാര്യമെന്ന് അര്‍ണവിന്‍റെ അച്‌ഛന്‍ അജിത് സിങ് പറയുന്നു. ഒന്നും വിട്ടുകളയാതെ പരിശീലനം നടത്താന്‍ അവരോട് പറയുക. ഫലം അന്തിമമായിരിക്കും. നിങ്ങളുടെ പരിശീലനത്തിലുള്ള പാകപ്പിഴകളാണ് ഫലം നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ണവും ഇളയ സഹോദരനും അച്ഛനും ചേര്‍ന്ന് വീട്ടില്‍ ദിവസവും ക്രിക്കറ്റ് കളിക്കാറുണ്ട്. പരീക്ഷ വരുന്നതിനെ ചൊല്ലി വേവലാതി വേണ്ടെന്നാണ് കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. നേരത്തെ തന്നെ മതിയായ പരിശീലനം നടത്തുക. വര്‍ഷം മുഴുവനും പരിശീലനം നടത്തുക എന്നത് സുപ്രധാനമാണ്. കുട്ടികള്‍ ഇതിനായി കഠിനാദ്ധ്വാനം നടത്തുകയാണെങ്കില്‍ ഫലം ഉറപ്പാണ്. പരിശീലനമാണ് നിങ്ങളെ വിജയിപ്പിക്കുന്നത്. നാം ഇന്ന് ജീവിക്കുക, നാളെയുടെ സമ്മര്‍ദ്ദം നാം പേറേണ്ടതില്ല. ഈ തത്വജ്ഞാനത്തില്‍ ഉറച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നും അര്‍ണവിന്‍റെ പിതാവ് പറഞ്ഞു.
പരീക്ഷയ്ക്ക് മുമ്പ് മനസ് ശാന്തമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും താന്‍ മകന് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്ന് അജിത് സിങ് പറഞ്ഞു. ഫലം എന്ത് തന്നെ ആയാലും അത് അംഗീകരിക്കുക. നന്നായി എഴുതിയിട്ടുണ്ടെന്ന് അര്‍ണവ് പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. ഒരു ചോദ്യത്തില്‍ സംശയവും പറഞ്ഞു. അന്തിമ ഉത്തരസൂചിക വന്നപ്പോള്‍ തന്‍റെ ഒരു ഉത്തരം തെറ്റായിപ്പോയെന്ന് അവന്‍ പറഞ്ഞു. അങ്ങനെയാണ് മാര്‍ക്ക് 295 ആയത്. പിന്നീട് താന്‍ നൂറ് ശതമാനം പ്രതീക്ഷിച്ചു. മുന്‍കൂര്‍ ആസൂത്രണം ചെയ്‌തതല്ല നൂറ് ശതമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യത്തോടെ ഇരിക്കുക
കുട്ടികളില്‍ അമിത പ്രതീക്ഷ അരുതെന്ന് അജിത് സിങ് പറയുന്നു. കുട്ടികള്‍ സ്വയം എല്ലാം ചെയ്‌തോളും. ജീവിതം തുടങ്ങിയിട്ടേയുള്ളൂ. ഇത് കേവലം പ്രവേശന പരീക്ഷ മാത്രമാണ്. ഇനി ബിടെക് പഠനത്തിനായി കോളജില്‍ പോകണം.
നാല് വര്‍ഷ ബിരുദ കോഴ്‌സ് ചെയ്യണം. പിന്നീട് ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് മനസിലാകും. കുടുംബം കുട്ടികളെ ആരോഗ്യത്തോടെ സൂക്ഷിക്കുക. അവരെ നല്ല വ്യക്തികളാക്കുക-അദ്ദേഹം പറയുന്നു. ഇത്തരമൊരു ഫലമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും എല്ലാ പിതാക്കന്‍മാരും അഭിമാനികളാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് പ്രാധാന്യം നല്‍കി
ഭാവിയെക്കുറിച്ച് ഇപ്പോള്‍ യാതൊരു കാര്യവും തീരുമാനിച്ചിട്ടില്ല. കണക്കില്‍ അമിതമായ താത്‌പര്യമുണ്ട്. താന്‍ ഒളിമ്പ്യാഡില്‍ ക്യാമ്പ് തലത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബോംബെ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് എന്നതിനാണ് പ്രാധാന്യം. ഇത് ജെഇഇ അഡ്വാന്‍സ്‌ഡിന് സഹായകമാകും. എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞ് വന്നാല്‍ ഗൃഹപാഠങ്ങള്‍ ചെയ്‌ത് തീര്‍ക്കുന്നതിന് താന്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ഗൃഹപാഠം ചെയ്യുമ്പോള്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാകും.
ഇവ ദുരീകരിക്കുമ്പോള്‍ നിങ്ങള്‍ വിഷയത്തില്‍ കൂടുതല്‍ മിടുക്കരാകുമെന്നും അര്‍ണവ് ചൂണ്ടിക്കാട്ടുന്നു. ദിവസം പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ പഠനത്തിനായി നീക്കി വച്ചിരുന്നു. ഇക്കുറി തന്‍റെ സംശയങ്ങള്‍ തീര്‍ക്കാന്‍ പിതാവും ഒപ്പമുണ്ടായിരുന്നു. പത്താം തരത്തില്‍ 97 ശതമാനം മാര്‍ക്ക് സ്വന്തമാക്കിയിരുന്നു.
കോട്ടയിലും മറ്റ് നഗരങ്ങളിലുമുള്ള പരിശീലന അന്തരീക്ഷം വ്യത്യസ്‌തമാണെന്ന് അജിത് സിങ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ കുട്ടികള്‍ തമ്മിലുള്ള മത്സരം ഒരു കൂട്ടായ്‌മയും സമ്മര്‍ദ്ദ സംഘവും സൃഷ്‌ടിക്കുന്നുണ്ട്. അര്‍ണവിന്‍റെ ഉറ്റ ചങ്ങാതിമാരായ രജിത്, സാക്ഷം, ഓം തുടങ്ങിയവരെല്ലാം മുഴുവന്‍ മാര്‍ക്കും നേടി. ഇത്തരമൊരു സൗഹൃദ വലയം ഇന്ത്യയില്‍ മറ്റൊരു നഗരത്തിലും കാണാനാകില്ല. കോട്ടയില്‍ മാത്രമാണ് 24മണിക്കൂറും പഠനത്തിനായി നീക്കി വച്ചിട്ടുള്ളത്.
അര്‍ണവിന്‍റെ കുടുംബം ബിഹാറില്‍ നിന്നുള്ളവരാണ്. എന്നാല്‍ പശ്ചിമബംഗാളിലെ ദുര്‍ഗാപൂരിലാണ് അര്‍ണവ് ജനിച്ചത്. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധ്യപ്രദേശിലെ ഭോപ്പാലിലും പഠിച്ചു. 2019 മുതല്‍ കോട്ടയിലാണ് പഠനം. 2018 മുതല്‍ കോട്ടയിലെ ഒരു പരിശീലന സ്ഥാപനത്തിലാണ് അര്‍ണവിന്‍റെ പിതാവ് അജിത് സിങ് പഠിപ്പിക്കുന്നത്. അര്‍ണവിന്‍റെ ഇളയ സഹോദരന്‍ ആര്യന്‍ പത്താംക്ലാസില്‍ പഠിക്കുന്നു. അമ്മ നേഹ ഭാരതി വീട്ടമ്മയാണ്.
തെലുഗ് സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും
തെലുഗ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് ഇക്കുറി മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സായ് മനോഞ്ജന ഗുതികൊണ്ട, തെലങ്കാനയില്‍ നിന്നുള്ള ബാനിബ്രത മാജി എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.
![OM PRAKASH BEHERA JEE MAIN EXAM RESULT 2025 ARNAV SINGH JEE MAIN 2025 TOPPER](https://etvbharatimages.akamaized.net/etvbharat/prod-images/12-02-2025/23527935_telengana.jpg)
തിങ്കളാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്‌ച ഫലപ്രഖ്യാപനവുമുണ്ടായി. പതിനാല് കുട്ടികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി.
എന്‍ഐടികള്‍, ഐഐടികള്‍, മറ്റ് പ്രധാന എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന പരീക്ഷയാണ് ജെഇഇ. ജനുവരി 22, 23, 24, 28, 29 തീയതികളിലായാണ് പരീക്ഷ നടത്തിയത്.
13,11,544 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും 12,58,136 പേരാണ് പരീക്ഷയ്ക്ക് ഹാജരായത്. ജെഇഇ മെയിന്‍റെ രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ ഒന്നുമുതല്‍ എട്ട് വരെ നടക്കും. ആദ്യഘട്ടത്തിലെ മാര്‍ക്കില്‍ തൃപ്‌തരല്ലാത്തവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ എഴുതാം. രണ്ടില്‍ ഏറ്റവും മികച്ച സ്‌കോറാകും അന്തിമ റാങ്ക് പട്ടികയ്ക്ക് വേണ്ടി പരിഗണിക്കുക. 2.5 ലക്ഷം കുട്ടികളാണ് യോഗ്യത നേടിയിട്ടുള്ളത്.
Also Read: ജെഇഇ മെയിൻ 2025: സെഷൻ 1 ഫലം പ്രഖ്യാപിച്ചു