ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഡോ. ഫാറൂഖ് അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസിന്‍റെ (എൻസി) വിജയത്തില്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം രേഖപ്പെടുത്തിയതായെന്ന് മോദി പറഞ്ഞു. 90 അംഗ നിയമസഭയില്‍ 46ല്‍ അധികം സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്. എന്‍സിക്ക് 42 സീറ്റുകളും ലഭിച്ചു.
'ജമ്മു കശ്‌മീരിലെ ഈ തെരഞ്ഞെടുപ്പുകൾ വളരെ പ്രത്യേകതയുള്ളതാണ്. ആർട്ടിക്കിൾ 370, 35(എ) എന്നിവ നീക്കം ചെയ്‌തതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണിത് കാണിക്കുന്നത്'- മോദി എക്‌സില്‍ കുറിച്ചു.
അതേസമയം, ബിജെപിയുടെ പ്രകടനത്തിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും വോട്ടർമാരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു. 'ജമ്മു കശ്‌മീരിലെ ബിജെപിയുടെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു.
ഞങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്യുകയും ഞങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്‌ത എല്ലാവർക്കും നന്ദി പറയുന്നു. ജമ്മു കശ്‌മീരിന്‍റെ ക്ഷേമത്തിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു'- മോദി കൂട്ടിച്ചേർത്തു. ജമ്മു കശ്‌മീർ അസംബ്ലി തെരഞ്ഞെടുപ്പിലെ പ്രശംസനീയമായ പ്രകടനത്തിന് ജെകെഎൻസിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും മോദി എക്‌സില്‍ കുറിച്ചു.
Also Read:കശ്‌മീരിന്‍റെ പുതിയ മുഖ്യമന്ത്രിയാകാൻ ഒമര്‍ അബ്‌ദുള്ള; ആര്‍ട്ടിക്കിള്‍ 370ല്‍ തകര്‍ന്നടിഞ്ഞ് ബിജെപി, നിലംതൊടാതെ പിഡിപി