ന്യൂഡല്‍ഹി: വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി നാളെ (നവംബര്‍ 28) പാര്‍ലമെന്‍റംഗമായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം നവംബര്‍ 29ന് തന്നെ പ്രിയങ്ക വയനാട്ടില്‍ എത്തും. ഞായറാഴ്‌ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് കൂറ്റന്‍ റോഡ്ഷോയും വയനാട്ടില്‍ സംഘടിപ്പിക്കും. ഇന്ന് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് പ്രിയങ്കയുടെ വിജയസര്‍ട്ടിഫിക്കറ്റ് കൈമാറി. സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് മധുരം നല്‍കി.
പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റില്‍ എത്തുന്നതോടെ ഇരുപത് കൊല്ലമായുള്ള തങ്ങളുടെ കാത്തിരിപ്പിന് വിരാമമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാനായി അവരുടെ വസതിക്ക് മുന്നില്‍ പൂക്കളുമായി കാത്ത് നില്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കമലേശ്വര്‍ പട്ടേല്‍, തെലങ്കാന മന്ത്രി പൂനം പ്രഭാകര്‍, ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി അംഗം ഖ്വാസി നിസാമുദ്ദീന്‍ എന്നിവരും പ്രിയങ്കയെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല ജനങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രിയങ്കയുടെ പാര്‍ലമെന്‍റ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ലമെന്‍റിലെ പ്രിയങ്കയുടെ സാന്നിധ്യം പ്രതിപക്ഷ നിരക്കാകെ പുത്തന്‍ ഊര്‍ജ്ജം നല്‍കും. ദീര്‍ഘകാലമായി പാര്‍ലമെന്‍റിന് പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവരുടെയും സാധാരണക്കാരുടെയും ശബ്‌ദമായി പ്രിയങ്ക പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അത് നമുക്ക് സഭയ്ക്കുള്ളിലും കിട്ടിയിരിക്കുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയുടെ സത്യപ്രതിജ്ഞയ്ക്കായി തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പ്രിയങ്കയെത്തുമ്പോള്‍ സ്വീകരിക്കാന്‍ തങ്ങള്‍ എല്ലാവരും ഉണ്ടാകുമെന്നും കോണ്‍ഗ്രസില്‍ നിന്നുള്ള ലോക്‌സഭാംഗം മുഹമ്മദ് ജവൈദ് ഇടിവി ഭാരതിനോട് പറഞ്ഞു. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ശബ്‌ദത്തിന് കൂടുതല്‍ കരുത്ത് ലഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാര്‍ലമെന്‍റില്‍ രാഹുലിന്‍റെ കരങ്ങള്‍ക്ക് പ്രിയങ്ക കരുത്തേകും'
വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തെ ചോദ്യം ചെയ്യുന്ന രാഹുലിന്‍റെ കരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പാര്‍ലമെന്‍റിലെ പ്രിയങ്കയുടെ സാന്നിധ്യം സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കമലേശ്വര്‍ പട്ടേല്‍ പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാവങ്ങള്‍ക്ക് നീതി കിട്ടാനായി പ്രിയങ്ക നിരന്തരം സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുണ്ട്. പോരാട്ടത്തിന് ഇപ്പോള്‍ കൂടുതല്‍ കരുത്ത് കിട്ടിയിരിക്കുന്നു. നേരത്തെ തന്നെ പ്രിയങ്ക ദേശീയനേതാവാണ്. ലോക്‌സഭ പ്രവേശനം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്താകുമെന്നും പട്ടേല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ആദ്യമായി ഗാന്ധി കുടുംബത്തില്‍ നിന്ന് മൂന്ന് പേര്‍ പാര്‍ലമെന്‍റില്‍ ഒന്നിച്ച് എത്തിയിരിക്കുന്നു. ഗാന്ധി കുടുംബം പാവങ്ങളുടെ രാഷ്‌ട്രീയത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ ഒരു വലിയ ബ്രാന്‍ഡാണ്. മൂല്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ബ്രാന്‍ഡ്. സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഇവര്‍ക്കാകും.
വയനാട്ടില്‍ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. രാഹുലിന് ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞായറാഴ്‌ച നന്ദി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി രാഹുലിനെ പോലെ പ്രിയങ്കയും പോരാടും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ കാഴ്‌ചപ്പാടുകള്‍ക്ക് കരുത്തേകും. സംസ്ഥാനത്തെ ജനങ്ങളും പ്രിയങ്കയുടെ പാര്‍ലമെന്‍റ് പ്രവേശനത്തെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.