ന്യൂഡൽഹി :ജൂലൈ 27-ന് നടക്കാനിരിക്കുന്ന നിതി ആയോഗിന്‍റെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളിലെ നാല് മുഖ്യമന്ത്രിമാര്‍ അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച വിവേചനപരമായ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്‌ച വൈകിട്ട് വാർത്ത സമ്മേളനത്തിലാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.
സ്റ്റാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. 2024-ലെ കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് കെസി വേണുഗോപാല്‍ വിമർശിച്ചു. ജൂലൈ 27ലെ നിതി ആയോഗ് യോഗം ഐഎൻസി മുഖ്യമന്ത്രിമാരും ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പുറമേ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുന്നത്. കേന്ദ്ര സർക്കാരിനെ നയിക്കേണ്ട ഫെഡറലിസത്തിന്‍റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ബജറ്റെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിനെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രം തമിഴ്‌നാടിനെ പൂർണമായും അവഗണിച്ചതിനാൽ നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ന്യൂനപക്ഷ ബിജെപിയെ ഭൂരിപക്ഷ ബിജെപി' ആക്കിയ ഏതാനും പ്രാദേശിക പാർട്ടികളെ തൃപ്‌തിപ്പെടുത്താൻ ഏതാനും സംസ്ഥാനങ്ങൾക്കായി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇത്തരം പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
കേന്ദ്ര സർക്കാർ തമിഴ്‌നാടിനായി 'മെട്രോ റെയിൽ പദ്ധതി' പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനായി ഫണ്ട് വകയിരുത്തിയിട്ടില്ല (ചെന്നൈ മെട്രോ റെയിൽ ഘട്ടം-2). സംസ്ഥാനത്തെ നാളിതുവരെ കേന്ദ്രം വഞ്ചിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഇഷ്‌ടപ്പെട്ടെന്ന് പറഞ്ഞ തമിഴ്‌നാടും തിരുക്കുറലും ബജറ്റിൽ പരാമർശിച്ചിട്ട് പോലുമില്ല. ഭാവിയിൽ ബിഹാറും ആന്ധ്രയും തമിഴ്‌നാടിനെ പോലെ വഞ്ചിക്കപ്പെടില്ല എന്നതിന് ഉറപ്പില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം, കേന്ദ്ര ബജറ്റിനെതിരെ ഡിഎംകെ എംപിമാർ ഇന്ന് (24-07-2024) ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കും.
Also Read :'ഇത് രാഷ്‌ട്രീയ പ്രേരിത ബജറ്റ്, ബിജെപി തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ലംഘിച്ചു': മമത ബാനര്‍ജി - Mamata Banerjee Against Budget