കേരളം

kerala

ETV Bharat / bharat

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ' ഇന്ന് ലോക്‌സഭയില്‍; എന്തൊക്കെയാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍? - ONE NATION ONE ELECTION BILL IN LS

കേന്ദ്ര നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ ആണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുക.

WHAT IS ONE NATIONONE ELECTION BILL  PARLIAMENT WINTER SESSION 2024  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  ഒറ്റ തെരഞ്ഞെടുപ്പ് ബില്ല്
Representative Image (IANS)

By ETV Bharat Kerala Team

Published : 5 hours ago

ന്യൂഡല്‍ഹി:'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ല് ഇന്ന് പാര്‍ലമെന്‍റില്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ ഉച്ചയ്‌ക്ക് 12 മണിയോടെ ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കും. ബില്ല് അവതരണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ എല്ലാ എംപിമാരും ലോക്‌സഭയിലേക്ക് എത്തണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി മൂന്ന് വരി വിപ്പ് നല്‍കിയിട്ടുണ്ട്.

ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് സുപ്രധാന ബില്ലുകളും കേന്ദ്ര നിയമമന്ത്രി സഭയില്‍ അവതരിപ്പിക്കും. ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബിൽ, 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങൾ (ഭേദഗതി) എന്നും ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ONOP ബില്ലുമാണ് ഇവ.

അവതരണത്തിന് പിന്നാലെ വിശദമായ കൂടിയാലോചനകള്‍ക്കാള്‍ക്കായി ബില്ല് പാർലമെൻ്റിൻ്റെ സംയുക്തകാര്യ സമിതിക്ക് വിട്ടേക്കും. ഇക്കാര്യം കേന്ദ്രമന്ത്രി മേഘ്‌വാള്‍ തന്നെ സ്‌പീക്കര്‍ ഓം ബിര്‍ളയോട് അഭ്യര്‍ഥിച്ചേക്കും. വൈകുന്നരത്തോടെ തന്നെ സ്‌പീക്കര്‍ സമിതിയുടെ ഘടന പ്രഖ്യാപിക്കാനാണ് സാധ്യത.

ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ലോക്‌സഭ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള കരട് നിയമനിർമാണത്തിന് അംഗീകാരം നല്‍കിയത്. ബിജെപിയുടെ ദീര്‍ഘകാല വാഗ്‌ദാനങ്ങളിലൊന്നാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'.

അതേസമയം, ബില്ലിനെതിരെ രാഹുൽ ഗാന്ധി, മമത ബാനർജി, എംകെ സ്റ്റാലിൻ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാൻ രൂപകൽപ്പന ചെയ്‌ത സ്വേച്ഛാധിപത്യ നീക്കമാണ് ഇതെന്നാണ് നേതാക്കളുടെ അഭിപ്രായം.

2023 സെപ്‌റ്റംബറിലായിരുന്നു 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച എട്ട് അംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിനായിരുന്നു കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം?

ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുക എന്നതാണ് ഈ ആശയം കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കു‌ന്നത്. ആദ്യഘട്ടത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചും, രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് രാം നാഥ് കോവിന്ദ് സമിതി റിപ്പോർട്ടിലെ ശുപാർശ. ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനകം രണ്ടാം ഘട്ടം നടത്താനാണ് സമിതിയുടെ നിർദേശം.

അനുകൂല വാദങ്ങൾ

തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ ചെലവ് ഗണ്യമായി കുറയ്ക്കാനാകും എന്നതാണ് ഈ ആശയത്തിന്‍റെ ഏറ്റവും മികച്ച നേട്ടമായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്‌ത ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉണ്ടാവുന്ന ധനനഷ്‌ടവും വിഭവനഷ്‌ടവും ഒറ്റ തെരഞ്ഞെടുപ്പിലൂടെ വെട്ടികുറക്കാൻ സാധിക്കും. ഈ വിഭവങ്ങളെ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനാകുമെന്ന് ആശയത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

സർക്കാരുകൾക്ക് തെരഞ്ഞെടുപ്പ് നയങ്ങളിലേക്ക് ചിലവഴിക്കുന്ന ഊർജം ഭരണകാര്യങ്ങളിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. ഓരോ തെരഞ്ഞെടുപ്പിനും ഓരോ വോട്ടര്‍ പട്ടികയുണ്ടാക്കുന്നത് അനാവശ്യമായ കാര്യമാണ്. ഒറ്റ തെരഞ്ഞെടുപ്പാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പൊതു ഖജനാവിന് വലിയ ലാഭം സമ്മാനിക്കും, രാജ്യത്തിന്‍റെ വികസനത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തും എന്നും സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇടവിട്ട് വരുന്ന തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച, പൊതുചെലവിൻ്റെ ഗുണനിലവാരം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിലുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ 'ഒറ്റ തെരഞ്ഞെടുപ്പിലൂടെ' ഇല്ലാതാക്കാനാകുമെന്നും സാമൂഹിക സൗഹാർദ്ദത്തെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നുമാണ് വിദഗ്‌ധർ പറയുന്നത്.

വിമർശനങ്ങൾ

തെരഞ്ഞെടുപ്പ് ഒറ്റ പ്രാവശ്യം നടത്തുന്നതിലൂടെ രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം അട്ടിമറിക്കപ്പെടുമെന്നതാണ് ആശയത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. ജിഎസ്‌ടി പോലെ എല്ലാം കേന്ദ്രീകൃതമാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതെന്നും നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷപാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു.

ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ദേശീയ വിഷയങ്ങൾ ആയിരിക്കും സ്വാഭാവികമായും തെരഞ്ഞെടുപ്പിൽ ചർച്ചയാവുക. ഇത് സംസ്ഥാനത്തെയും പ്രാദേശിക പ്രശ്‌നങ്ങളെയും അവഗണിക്കുമെന്നും തദ്ദേശീയ തെരഞ്ഞെടുപ്പുകളിൽ പോലും വോട്ടർമാർ ദേശീയ വിഷയങ്ങളാൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ വാദം ഉന്നയിക്കുന്നു. ഇത്തരത്തിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്ഥാന ഭരണം കയ്യാളാനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം.

വ്യത്യസ്‌ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ പുതുക്കുന്നത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെയും ജനാധിപത്യത്തിന്‍റെയും രാഷ്ട്രീയ വൈവിധ്യം ഇല്ലാതാകുമെന്നുമാണ് പ്രതികൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

Also Read :ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല്; കാലാവധി പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ താഴെവീണാല്‍ എന്ത് ചെയ്യും?

ABOUT THE AUTHOR

...view details