പത്തനംതിട്ട: കടമ്പനാട് കല്ലുകുഴിയിൽ നിയന്ത്രണം വിട്ട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് (ജനുവരി 17) രാവിലെ 6.30ഓടെയാണ് സംഭവം. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബിഎഡ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അധ്യാപകരടക്കം 52 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ വിദ്യാർഥികള്‍ അടക്കം 44ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതിൽ ഒരു ബസാണ് കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്‍ഫോഴ്‌സും പൊലീസും പറയുന്നത്.
ബസ് വേഗതയിലായിരുന്നോയെന്ന കാര്യമൊക്കെ കൂടുതൽ അന്വേഷണത്തിൽ വ്യക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. ബസിന്‍റെ ടയറിന്‍റെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
Also Read: കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം