ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പൊലീസ് കസ്‌റ്റഡിയില്‍. ഇയാളെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
മുംബൈയിലെ പ്രമുഖരുടെ താമസ സ്ഥലമായ ബാന്ദ്ര വെസ്‌റ്റിലെ സെയ്‌ഫ് അലി ഖാന്‍റെ വസതിയില്‍ വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്‍റെ ബഹുനില മന്ദിരത്തില്‍ കവര്‍ച്ചയ്ക്കെത്തിയ സംഘം താരത്തോട് ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നൽകുന്ന റിപ്പോർട്ട്.
#WATCH | Saif Ali Khan Attack Case | Mumbai Police bring one person to Bandra Police station for questioning.
— ANI (@ANI) January 17, 2025
Latest Visuals pic.twitter.com/fuJX9WY7W0
കെട്ടിടത്തിലെ പടിക്കെട്ടുകള്‍ വഴിയാണ് അക്രമികള്‍ അകത്ത് കടന്നത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടി ഷര്‍ട്ടും ജീന്‍സും ഓറഞ്ച് നിറത്തിലുള്ള സ്‌കാര്‍ഫും അണിഞ്ഞെത്തിയ ഇവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുകയും അത് നിരസിച്ചതോടെ അക്രമാസക്തരാകുകയും ചെയ്യുകയായിരുന്നു.
സംഭവ സമയം കരീന കപൂർ ഖാനും കുട്ടികളും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർ സുരക്ഷിതരാണെന്ന് കരീന കപൂർ ഖാന്‍റെ ടീം അറിയിച്ചിരുന്നു. അതേസമയം വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിറ്റുണ്ട്.
പരിക്കേറ്റ താരത്തെ മൂത്ത മകന്‍ ഇബ്രാഹിം ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടിലെ കാർ എടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിൽ ഓട്ടോ റിക്ഷയിലാണ് ഇബ്രാഹിം തന്‍റെ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
ആറ് കുത്താണ് താരത്തിന്‍റെ ശരീരത്തിലുള്ളത്. കഴുത്തിലും കയ്യിലും പരിക്കുണ്ട്. നട്ടെല്ലിനോട് ചേര്‍ന്ന് ഗുരുതര പരിക്കും ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച താരത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ശേഷം അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
താരത്തിന്‍റെ മുറിവുകള്‍ ആഴമുള്ളതാണെന്നും നട്ടെല്ലില്‍ നിന്ന് 2.5 ഇഞ്ച് നീളമുള്ള ഒരു കത്തി നീക്കം ചെയ്‌തതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലില്‍ നിന്നുള്ള സ്രവങ്ങളുടെ ചോര്‍ച്ചയും പരിഹരിച്ചിട്ടുണ്ട്. വെല്ലുവിളിയുടെ ഘട്ടം കഴിഞ്ഞെന്നും ഡോ.നിതിന്‍ ഡാന്‍ഗെ മാധ്യമങ്ങളെ അറിയിച്ചു. ഒരു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാനായേക്കും.