തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ അറ്റുപോയ ബന്ധം പുനഃസ്ഥാപിച്ചും പുതുതായുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയെ താഴെ തട്ടില്‍ ദൃഢവും ശക്തവുമാക്കാന്‍ വാര്‍ഡ് പ്രസിഡൻ്റുമാര്‍ക്ക് കെപിസിസി നിര്‍ദേശം. പ്രാദേശിക തലത്തിലുള്ള നേതാക്കന്മാരുടെ അവസരമായ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും പരമാവധി നേടി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിക്കാന്‍ പാര്‍ട്ടി അണികളെയും അനുഭാവികളെയും അടിത്തട്ടില്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിത്തട്ടിലെ സംഘടനാ ദൗര്‍ബല്യങ്ങളില്‍ ഏറ്റവും പ്രധാനം ജനങ്ങള്‍ക്കിടയിലേക്ക് പാര്‍ട്ടി ഇറങ്ങുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തുടക്കം. വാര്‍ഡ് തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി വാര്‍ഡ് പ്രസിഡൻ്റുമാര്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡിസിസി പ്രസിഡൻ്റുമാര്‍ വഴിയാണ് കെപിസിസി കൈമാറിയിട്ടുള്ളത്.
സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍ വാര്‍ഡ് പ്രസിഡൻ്റുമാര്‍ക്ക് അവബോധം നല്‍കുന്നതിനായി നിയമസഭാ മണ്ഡലം തലത്തില്‍ വാര്‍ഡ് പ്രസിഡൻ്റുമാരെ പങ്കെടുപ്പിച്ച് സംസ്ഥാന വ്യാപകമായി നേതൃക്യാമ്പ് കെപിസിസി മുന്‍കൈയെടുത്ത് ആരംഭിച്ച് കഴിഞ്ഞു. വാര്‍ഡ് പ്രസിഡൻ്റുമാര്‍ക്കുള്ള കെപിസിസി നിര്‍ദേശങ്ങടങ്ങിയ സര്‍ക്കുലര്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു ആണ് കൈമാറിയത്.
ജനങ്ങളുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളാകൂ
ഭവന സന്ദര്‍ശനം ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്ന സുപ്രധാന പ്രവര്‍ത്തന രീതിയാണെന്ന് സര്‍ക്കുലര്‍ ഓര്‍മപ്പെടുത്തുന്നു. പാര്‍ട്ടിയുടെ മേല്‍ഘടകങ്ങള്‍ നിര്‍ദേശിക്കുന്ന ഭവന സന്ദര്‍ശന പരിപാടികളില്‍ മാത്രം ഒതുങ്ങാതെ മാസത്തില്‍ ഒരു തവണയെങ്കിലും വാര്‍ഡ് തലത്തിലുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തി വീടുകളുമായുള്ള ബന്ധം ശക്തമാക്കണം. ജനങ്ങളുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളായി ജനകീയ പ്രവര്‍ത്തനം വാര്‍ഡ് കമ്മിറ്റികള്‍ കാഴ്‌ച വയ്ക്കണം.
ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും റസിഡന്‍സ് അസോയിയേഷനുകളുമായും വാര്‍ഡ് കമ്മിറ്റികള്‍ ഊഷ്‌മളമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടതാണ്. മരണം, വിവാഹം, മറ്റ് ചടങ്ങുകള്‍ തുടങ്ങിയവയില്‍ സാന്നിധ്യവും സഹായവും വാര്‍ഡ് കമ്മിറ്റി ഉറപ്പുവരുത്തേണ്ടതാണ്. പാര്‍ട്ടി അനുഭാവികളായ തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, അംഗനവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിക്കുകയും ആവശ്യമായ സഹായങ്ങളും നിര്‍ദേശങളും നല്‍കുവാന്‍ വാര്‍ഡ് പ്രസിഡൻ്റുമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസത്തില്‍ കുറഞ്ഞത് രണ്ട് തവണ വാര്‍ഡ് കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനം വിലയിരുത്തണം.
പുതിയ അംഗങ്ങളെ ചേര്‍ക്കണം, വാര്‍ഡ് കേന്ദ്രങ്ങളില്‍ ഓഫിസും കൊടിമരവും
മറ്റ് പാര്‍ട്ടികളിലെ അസംതൃപ്‌തര്‍, മടങ്ങിയെത്തിയ പ്രവാസികള്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ കലാ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കാന്‍ മുന്‍കൈയെടുക്കുകയും ഇക്കാര്യത്തിനായി അവരുടെ ഭവനം സന്ദര്‍ശിക്കുകയും ചെയ്യണം.
പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍, മികച്ച നേട്ടം കൈവരിക്കുന്ന കലാ - കായിക താരങ്ങള്‍, കര്‍ഷകര്‍, അധ്യാപകര്‍, തുടങ്ങിയവരുടെ ഭവനത്തിലെത്തി ആദരിക്കേണ്ടതാണ്. വാര്‍ഡിലെ പട്ടികജാതി - പട്ടിക വര്‍ഗ കോളനികള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതും അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഇടപെടല്‍ നടത്തേണ്ടതുമാണ്.
മറ്റ് സുപ്രധാന നിര്‍ദേശങ്ങള്‍
- പരമാവധി വാര്‍ഡ് കമ്മിറ്റികള്‍ക്കും ഓഫിസ്, മിനിട്‌സ് ബുക്ക് ഉണ്ടായിരിക്കണം.
- വാര്‍ഡിലെ പ്രധാന ജംഗ്ഷനില്‍ കൊടിമരവും വാര്‍ത്താ ബോര്‍ഡും വേണം.
- വാര്‍ഡ് കമ്മിറ്റിയുടെ കൈവശം, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബിആര്‍ അംബേദ്‌കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബ്‌ദുള്‍ കലാം ആസാദ്, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കണം.
- അനധികൃത മദ്യ - ലഹരി പദാര്‍ഥങ്ങളുടെ വില്‍പന, വിതരണം, ഉപഭോഗം എന്നിവ തടയുന്നതിനുള്ള പ്രവര്‍ത്തനവും ബോധവത്കരണവും നടത്തണം.
- പൊലീസ് സ്റ്റേഷന്‍, വില്ലേജ്, താലൂക്ക്, പഞ്ചായത്ത്, ഓഫിസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌ത് നല്‍കണം.