ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍റെ (സിബിഎസ്‌ഇ) മിന്നൽ പരിശോധന. 29 വിദ്യാലയങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ 29 വിദ്യാലയങ്ങളിലും ചട്ടലംഘനങ്ങള്‍ കണ്ടെത്തി.
കഴിഞ്ഞ മാസം 18,19 തീയതികളിലായാണ് മിന്നല്‍ പരിശോധന നടത്തിയത്. സിബിഎസ്‌ഇയുടെ അഫിലിയേഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നായിരുന്നു പ്രധാനമായും പരിശോധിച്ചത്.
ഡല്‍ഹി, ബെംഗളുരു (കര്‍ണാടക), പാറ്റ്ന (ബീഹാര്‍), ബിലാസ്‌പൂര്‍ (ഛത്തീസ്‌ഗഡ്), വാരാണസി (ഉത്തര്‍പ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളിലാണ്മിന്നല്‍ പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ ഡിസംബര്‍ പതിനെട്ടിനും മറ്റിടങ്ങളില്‍ 19നുമായിരുന്നു പരിശോധന. വിദ്യാലയങ്ങള്‍ അക്കാദമിക്, അടിസ്ഥാന സൗകര്യ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഗുരുതര വീഴ്‌ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രധാന ചട്ടലംഘനങ്ങള്‍
യഥാര്‍ത്ഥ ഹാജരിന് പുറമെ ഹാജരാകാത്തവരുടെ രേഖകളും ഹാജര്‍ പുസ്‌തകങ്ങളില്‍ സൂക്ഷിക്കുന്നതായി കണ്ടെത്തി. അക്കാദമിക- അടിസ്ഥാനസൗകര്യ നിലവാരമില്ലായ്‌മ, യോഗ്യതയുള്ള ജീവനക്കാരുടെ അഭാവം, സിബിഎസ്‌ഇ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച എന്നിവയും കണ്ടെത്തി.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
29 വിദ്യാലയങ്ങള്‍ക്കും സിബിഎസ്‌ഇ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുപ്പത് ദിവസത്തിനകം വിശദീകരണം നല്‍കണം. വീഴ്‌ച വരുത്തിയാല്‍ അംഗീകാരം റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികള്‍ നേരടേണ്ടി വരും. വിദ്യാഭ്യാസ നിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിന് ശക്തമായി നടപടികളുമായി മുന്നോട്ട് പോകാനാണ് സിബിഎസ്‌ഇയുടെ തീരുമാനം.
Also Read: സിബിഎസ്‌ഇ പരീക്ഷ: 10, 12 ക്ലാസുകളിലേക്കുള്ള ഡേറ്റ് ഷീറ്റ് പുറത്ത്, വിശദമായി അറിയാം