പത്തനംതിട്ട : പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, ചെന്നീർക്കര കേസിൽ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴിക്കുള്ളിലാക്കി പൊലീസ്. ആകെയുള്ള 60 പ്രതികളിൽ 57 പേരും അറസ്റ്റിലായതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. അറസ്റ്റിലായവരിൽ 5 പേർ പ്രായപൂർത്തി ആകാത്തവരാണ്.
പത്തനംതിട്ട ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസും തിരുവനന്തപുരത്തെ കല്ലമ്പലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ഒരു കേസും കൂട്ടി 31 കേസുകളാണ് അതിജീവതയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്‌തത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പത്തനംതിട്ടയിൽ 11ഉം, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1 എന്നിവയാണ് രജിസ്റ്റര്‍ ചെയ്‌ത കേസുകൾ. ഇനി കിട്ടാനുള്ള 3 പേരിൽ രണ്ടുപേർ പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളില്‍ പെട്ടവരാണ്.
ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഒരു പ്രതിയേയും പിടികൂടാനായുണ്ട്. വിദേശത്ത് കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികൾ പൊലീസ് തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്‌തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിർന്ന ക്ലാസുകളിൽ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രതികളിൽ പ്രായം കൂടിയ ആൾ 44 കാരൻ മാത്രം. ഇപ്പോൾ 19,20 വയസുള്ളവർ സംഭവം നടക്കുമ്പോൾ കൗമാരക്കാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതികളിൽ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ് കഴിഞ്ഞവർ രണ്ടുപേരും. 18 നും 25 നുമിടയിൽ പ്രായമുള്ളവരാണ് അധികവും.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പീഡന സംഭവങ്ങൾ തുടങ്ങുന്നത്. ഇൻസ്റ്റഗ്രാം ബന്ധമാണ് പീഡന സംഭവങ്ങളുടെ തുടക്കമായത്. ഇതിലൂടെയുള്ള സന്ദേശങ്ങൾ കുറ്റകൃത്യത്തിന്‍റെ എണ്ണം നീളാൻ കാരണമായതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി എസ് നന്ദകുമാർ പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശുചിമുറിയിൽ വച്ചും മറ്റുചില സന്ദർഭങ്ങളിലും വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്. നഗ്നദൃശ്യങ്ങൾ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റൽ തെളിവുകളുടെ പിൻബലത്തിൽ അന്വേഷണം മികച്ച നിലയിൽ മുന്നേറുമെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.