തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്.
കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. എല്ലാവർക്കും ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്‌ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ദാരിദ്ര നിർമ്മാർജ്ജനത്തിന് മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയെന്ന് ഗവർണർ: ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് ഗവർണർ പറഞ്ഞു. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്‍റെ പാതയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടം എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്‌തക പരിഷ്‌കരണ സമിതിയിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം പാലിയേറ്റീവ് കെയർ സംവിധാനം സംസ്ഥാനത്ത് വ്യാപിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം രാജ്യത്തെ തന്നെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം: കഴിഞ്ഞ പതിറ്റാണ്ടിൽ തുടർച്ചയായ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. ഓഖിയും കൊറോണയും പ്രളയങ്ങളും സംസ്ഥാനത്തുണ്ടായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗവർണർ പറഞ്ഞു.
വയനാട് ദുരന്തത്തിൽ ഇരകളായവരെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ മേപ്പാടിയിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്നും ഇത് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും ഗവർണർ അറിയിച്ചു. ദുരന്ത ബാധിതരായവർക്ക് വേണ്ടി വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാലാവസ്ഥ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സഹകരണ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാലു വർഷ ബിരുദ കോഴ്‌സും കേരളം ഫലപ്രദമായി നടപ്പാക്കി. അതേസമയം 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നുവെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഗവർണർ: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെ പരോക്ഷമായി വിമർശിച്ച് ഗവർണർ. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജിഎസ്‍ടി നഷ്‌ടപരിഹാരം ഇല്ലാത്തതും ഗ്രാൻഡുകള്‍ കുറഞ്ഞതും പ്രതിസന്ധിയാണെന്നും നയപ്രഖ്യാപനത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല ജിഎസ്‌ടി വിഹിതം കുറഞ്ഞതിൽ ധനകാര്യ കമ്മിഷനിൽ പരാതി അറിയിച്ചു കഴിഞ്ഞുവെന്നും ഗവർണർ അറിയിച്ചു.
സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നുവെന്ന് ഗവർണർ പറഞ്ഞു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിനെ ഗവർണർ വിമർശിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക വായ്‌പയാക്കി മാറ്റിയതും നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. അതേസമയം അർജന്‍റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചതും നയപ്രഖ്യാപനത്തിൽ എടുത്തു പറഞ്ഞു.
ദേശീയപാതാ വികസനം പുരോഗമിക്കുന്നു: കേന്ദ്രവുമായി ചേർന്ന് ദേശീയപാതാ വികസനം സുഗമമായി പുരോഗമിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളം മികവ് കാണിക്കുന്നു. സഹകരണ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ചുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഒരു മണിക്കൂറും 57 മിനിറ്റുമാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടുനിന്നത്.
Also Read: നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17 ന് നയപ്രഖ്യാപന പ്രസംഗത്തോടെ; ബജറ്റ് ഫെബ്രുവരി 7ന്