ലഖ്‌നൗ: കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജിലെ വനിത ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഡൽഹിയില്‍ കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശാദേവി. സംസ്ഥാനത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് ആശാദേവി പറഞ്ഞു. തന്‍റെ അധികാരം ഉപയോഗിച്ചു കൊണ്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ട മുഖ്യമന്ത്രി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി പ്രതിഷേധങ്ങൾ നടത്തുകയാണെന്നും അവർ ആരോപിച്ചു.
വനിത ഡോക്‌ടറുടെ കൊലപാതകത്തിൽ നീതി തേടി വിദ്യാർഥികളും ഡോക്‌ടർമാരും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുകയാണ്. എന്നാൽ ഈ വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നതെന്ന് ആശാദേവി പറഞ്ഞു.
അവരും ഒരു സ്‌ത്രീയാണ്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയിൽ മമത തൻ്റെ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമായിരുന്നു. സംസ്ഥാനത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ അവർ രാജിവയ്ക്കണം. കുറ്റവാളികൾക്ക് അതിവേഗ ശിക്ഷ നടപ്പാക്കുന്നതുവരെ ഇനിയും ഇത്തരം സംഭവങ്ങൾ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നടക്കുമെന്നും ആശാദേവി പറഞ്ഞു.
കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെങ്കിൽ രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ചോദിച്ചു. അതേസമയം സംഭവത്തിൽ വനിത ഡോക്‌ടർക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ പിടികൂടി തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് മമത ബാനർജി കൊൽക്കത്തയിലെ മൗലാലിയിൽ നിന്ന് ഡോറിന ക്രോസിംഗിലേക്കുള്ള പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.
Also Read: ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിത കമ്മിഷന്‍ റിപ്പോര്‍ട്ട്, ഐഎംഎയുടെ രാജ്യവ്യാപക സമരം തുടങ്ങി