ന്യൂഡല്‍ഹി: നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട് എന്‍ടിഎ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ആരോപിക്കപ്പെട്ടിട്ടുള്ള ക്രമക്കേടുകള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്നാണ് എന്‍ടിഎയുടെ വിശദീകരണം.
ചോദ്യപേപ്പര്‍ ചോര്‍ച്ച കൊണ്ട് ഫലമുണ്ടായ വിദ്യാര്‍ഥികളെക്കുറിച്ച് വിവരം നല്‍കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തല്‍സ്ഥിതി വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ച ആദ്യമായി എപ്പോഴാണ് ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. മെയ് അഞ്ചിന് നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്ക് എത്ര സമയം മുമ്പാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത് എന്നതിനെക്കുറിച്ചും കോടതി ചോദിച്ചു. എങ്ങനെയാണ് സംഭവിച്ചതെന്നും കോടതി ആരാഞ്ഞു.
ഗോധ്രയിലും പാറ്റ്നയിലെ ചില പരീക്ഷാ കേന്ദ്രങ്ങളിലുമുണ്ടായ ചോദ്യ പേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ മൊത്തം വിശ്വാസ്യതയെ ബാധിക്കില്ലെന്നാണ് എന്‍ടിഎയുടെ വിശദീകരണം. ഇവിടങ്ങളിലുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച പോലെ മറ്റിടങ്ങളിലും സംഭവിച്ചിരിക്കാമെന്നും അതാണ് കുട്ടികളുടെ മികച്ച പ്രകടനത്തിന് ഇടയാക്കിയതെന്നുമുള്ള നിരീക്ഷണം ശരിയല്ലെന്നും എന്‍ടിഎ ചൂണ്ടിക്കാട്ടി.
ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടായ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രകടനം ദേശീയ ശരാശരിയെക്കാള്‍ വളരെ വ്യത്യസ്‌തമാണ്. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. കോടതി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും അന്ന് ഉത്തരം നൽകണമെന്ന് സർക്കാരിനോടും എൻടിഎയോടും കോടതി നിര്‍ദേശിച്ചു. അതേസമയം പരീക്ഷ വീണ്ടും നടത്തേണ്ടത്ര വിപുലമാണോ ചോര്‍ച്ച എന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു.