റായ്‌പുർ:ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയില്‍ വീണ്ടും നക്‌സലൈറ്റ് ആക്രമണം. വെള്ളിയാഴ്‌ച (23-02-2024) രണ്ട് പേരെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചിന്തഗുഫ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കഹേർ ദുൽഹെദ് ഗ്രാമത്തിലെ താമസക്കാരായ സോധി ഹംഗ, മാദ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ശക്തികേന്ദ്രങ്ങൾ നിലംപതിച്ചതിൽ നിരാശരായ നക്‌സലൈറ്റുകൾ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുകയാവാം. വികസന, ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്താൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം നവംബറില്‍, സംസ്ഥാനത്തെ ബസ്‌തർ മേഖലയിൽ 14 പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു, ഏഴെണ്ണം സുക്‌മ ജില്ലയിലും സ്ഥാപിച്ചിട്ടുണ്ട്. നക്‌സൽ ബാധിത പ്രദേശങ്ങളിലെ പുതിയ ക്യാമ്പുകൾ ഗ്രാമവാസികൾക്ക് മാവോയിസ്‌റ്റ് ഭീഷണിയിൽ നിന്ന് മുക്തി നേടാനും വികസന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ക്ഷേമ പരിപാടികളിൽ നിന്നും പ്രയോജനം നേടാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.