നാഗ്‌പൂർ : മഹാരാഷ്‌ട്ര അമരാവതി എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് എംപിയായ റാണയുടെ നൂറുകണക്കിന് അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്നലെ (മാര്‍ച്ച് 27) വൈകുന്നേരം ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭാവനകുലെയുടെ സാന്നിധ്യത്തിലായിരുന്നു റാണ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഇത്തവണ സിറ്റിങ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമാണ് റാണയുടെ പാർട്ടി പ്രവേശനം. മുൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്ന റാണ നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിട്ട ശേഷം 2019 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമരാവതിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പാർലമെന്‍റ് അംഗമായി.
'കഴിഞ്ഞ കുറേ വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗ നിർദേശമനുസരിച്ചാണ് ഞാൻ പ്രവൃത്തിക്കുന്നത്. ഞങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ 33 മാസം തമ്മിൽ പോരാടി. എന്നാൽ ഞങ്ങളുടെ പ്രത്യയശാസ്ത്രം ഒന്നുതന്നെയായിരുന്നു. അതിനാൽ ഞങ്ങൾക്ക് പിരിയാൻ കഴിയില്ലെ'ന്നും ബിജെപിയിൽ ചേർന്നതിനു ശേഷം അവർ പ്രതികരിച്ചു.
കൂടാതെ മഹാരാഷ്‌ട്രയിലെ അമരാവതി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മറ്റ് സംസ്ഥാന നേതാക്കൾ തുടങ്ങിയവരോട് നവനീത് റാണ നന്ദിയറിച്ചു.
അതേസമയം ബിജെപിയിൽ ചേരുന്നതിന് മുമ്പായി ഭർത്താവ് രവി റാണ പ്രസിഡൻ്റായിരുന്ന പാർട്ടിയിൽ നിന്ന് അവർ രാജിവച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ നവനീത് റാണയെ മലയാളികള്‍ക്കും പരിചിതമാണ്.