ന്യൂഡൽഹി:ബംഗ്ലാദേശില്‍ സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന്ഇടക്കാല ഗവൺമെൻ്റ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്. ലോകനേതാക്കളെ ധാക്കയിലേക്ക് ക്ഷണിച്ച അദ്ദേഹം രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. ഗ്ലോബൽ സൗത്ത് സമ്മിറ്റിൻ്റെ തേർഡ് വോയ്‌സിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് യൂനുസ്.
ഓഗസ്റ്റ് 5ന് ബംഗ്ലാദേശ് രണ്ടാം വിപ്ലവത്തിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ജനകീയ പ്രക്ഷോഭം ആളിക്കത്തിയത്. രാജ്യത്ത് ബഹുസ്വരമായ ജനാധിപത്യം ഉറപ്പാക്കുന്നതിനായി നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സംവിധാനം, നിയമ നിർമ്മാണം, പ്രാദേശിക ഭരണകൂടം, മാധ്യമങ്ങൾ, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം എന്നിവയിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും യുവാക്കളാണ്. സമൂഹത്തിലെ ഏറ്റവും ശക്തമായ വിഭാഗമാണ് അവര്‍. വളരെ വ്യത്യസ്‌തമായ ഈ വിഭാഗത്തിന് ഒരു പുതിയ ലോകം തന്നെ സൃഷ്‌ടിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.