ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഇന്ന് തടസങ്ങൾ നേരിട്ടത് 25ല്‍ അധികം വിമാനങ്ങൾക്ക്. ഇന്ന് പുലർച്ചെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ക്കാണ് ആദ്യ ഭീഷണി ഉയര്‍ന്നത്. തൊട്ടുപിന്നാലെ, മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും സമാനമായ ഭീഷണികൾ ഉയർന്നു. ഭീഷണിക്ക് പിന്നാലെ സിഐഎസ്എഫും ലോക്കൽ പൊലീസും സുരക്ഷ നടപടികള്‍ കൈക്കൊണ്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്താനിരുന്ന 6E 2099 വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് ഇൻഡിഗോ എയർലൈൻസ് റിപ്പോർട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന്, ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ഐസൊലേഷൻ ബേയിലേക്ക് വിമാനം മാറ്റുകയായിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ വിമാനം ടെർമിനലിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.
6E 11 (ഡൽഹി - ഇസ്‌താംബൂൾ), 6E 58 (ജിദ്ദ - മുംബൈ ), 6E 17 (മുംബൈ - ഇസ്‌താംബൂൾ) എന്നിവയുൾപ്പെടെ നിരവധി വിമാനങ്ങൾക്ക് ഇന്ന് ബോംബ് ഭീഷണി ലഭിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ഭീഷണികൾ കൂടുതലായും ഉയരുന്നത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങള്‍ താമസിക്കുന്നതും ചിലത് റദ്ദാക്കുന്നതും പതിവായിട്ടുണ്ട്.
ഭീഷണി സന്ദേശം അയക്കുന്ന വ്യക്തികൾ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ബോംബ് ഭീഷണികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ജരാപ്പു പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സിഐഎസ്എഫിലെയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിലെയും (ബിസിഎഎസ്) മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ഭീഷണി സന്ദേശത്തില്‍ മിക്കവയും വിദേശത്ത് നിന്നാണ് വന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരാഴ്‌ചയ്ക്കുള്ളിൽ 100-ല്‍ അധികം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
Also Read:വിഷലിപ്‌തമായി നുരഞ്ഞ് പതഞ്ഞൊഴുകി യമുന; ഇത് മരണത്തോടടുക്കുന്ന ഇന്ത്യയുടെ 'കണ്ണീര്‍ക്കുടം'