ചെന്നൈ:ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമല്ല, തോൽവിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ. ഈ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. നന്നായി കഷ്‌ടപ്പെട്ടിട്ടും ആകെ നേടാനായത് 240 സീറ്റുകൾ മാത്രമാണെന്നും സ്റ്റാലിന്‍ പരിഹസിച്ചു.
ഇത്തവണ മോദി പ്രധാനമന്ത്രിയായത് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിൻ്റെയും ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെയും പിന്തുണ കൊണ്ട് മാത്രമാണ്. അവർ പിന്തുണച്ചില്ലായിരുന്നെങ്കിൽ മോദിക്ക് എവിടെ നിന്ന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയ്‌ക്ക് അവരുടെ മാത്രം ഇഷ്‌ടത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലെ തെരഞ്ഞെടുപ്പ് ഫലം 2004 ലേത് സമാനമായിരുന്നു എന്നും സ്‌റ്റാലിന്‍ ഓര്‍ത്തു. അന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചത് അടൽ ബിഹാരി വാജ്‌പേയി സർക്കാർ രൂപീകരിക്കും എന്നായിരുന്നു. പക്ഷെ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തിരുത്തി കുറിച്ച് കോൺഗ്രസ് സര്‍ക്കാര്‍ രൂപികരിച്ചു. അതുപോലെ തന്നെ ഇത്തവണയും ബിജെപി 400 കടക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങള്‍. എന്നാല്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല എന്നും അദ്ദേഹം പറഞ്ഞു.