കൊച്ചി: പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് ഇന്ത്യയും (PETA) ചലച്ചിത്രതാരം പ്രിയാമണിയും ചേര്‍ന്ന് യന്ത്ര ആനയെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. കാലടിയിലെ തൃക്കൈയില്‍ മഹാദേവ ക്ഷേത്രത്തിലാണ് യഥാര്‍ത്ഥ ആനയുടെ അതേ വലിപ്പമുള്ള കൃത്രിമ ആനയെ നടയ്‌ക്കിരുത്തിയത്. ക്ഷേത്രത്തില്‍ ജീവനുള്ള ആനകളെ ഉപയോഗിക്കില്ലെന്ന ക്ഷേത്രം അധികൃതരുടെ തീരുമാനത്തിന് പിന്നാലെയാണ് പെറ്റയുടെ സമ്മാനം ക്ഷേത്രത്തില്‍ എത്തിയത്.
മഹാദേവന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആനയെ ഉപയോഗിച്ചാകും ഇനി ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും നടത്തുക. ക്ഷേത്രത്തെ സുരക്ഷിതവും മൃഗഹിംസ രഹിതവും ആക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ ഇത്തരത്തില്‍ രംഗത്തിറക്കുന്ന രണ്ടാമത്തെ ആനയാണിത്.
കഴിഞ്ഞ ദിവസം വലിയ ആഘോഷങ്ങളോടെയാണ് ആനയെ നടയ്ക്കിരുത്തിയത്. മാസ്‌റ്റര്‍ വേദാരത്ത് രാമന്‍റെയും സംഘത്തിന്‍റെയും ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെ ആയിരുന്നു ചടങ്ങ്. വേണു മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും അരങ്ങേറി. മൃഗങ്ങളെ ഉപദ്രവിക്കാതെ തന്നെ നമ്മുടെ സമൃദ്ധമായ സാംസ്‌കാരിക ആഘോഷങ്ങളും പാരമ്പര്യവും സാങ്കേതിക വിദ്യയുടെ പുരോഗതി ഉപയോഗിച്ച് നമുക്ക് ഉറപ്പാക്കാനാകുമെന്ന് പ്രിയാമണി പറഞ്ഞു.