ന്യൂഡൽഹി :റഷ്യ-യുക്രെയ്‌ന്‍ സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് എല്ലാ പ്രായോഗിക ഇടപെടലും ഇന്ത്യ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. യുദ്ധം അവസാനിപ്പിക്കാൻ സമാധാന ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച് യുക്രെയ്‌ന്‍ ഇന്ത്യയോട് എന്തെങ്കിലും അഭ്യർഥന നടത്തിയിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എംഇഎ വക്താവ് രൺധീപ് ജയ്‌സ്വാൾ. 'ഞങ്ങൾ എല്ലായ്‌പ്പോഴും ക്രിയാത്മകവും പരിഹാര അധിഷ്‌ഠിതവും പ്രായോഗികവുമായ ഇടപഴകലിന് വേണ്ടി വാദിക്കുന്നുണ്ട്.'- രൺധീപ് ജയ്‌സ്വാൾ പറഞ്ഞു. സമാധാനത്തില്‍ പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാന ചർച്ചകൾ എപ്പോൾ എങ്ങനെ തുടങ്ങണം എന്നത് സംഘര്‍ഷം നടക്കുന്ന രാഷ്‌ട്രങ്ങളുടെ പ്രത്യേകാവകാശമാണെന്നും റണ്‍ധീപ് ജയ്‌സ്വാള്‍ വ്യക്തമാക്കി. സുഹൃത്തുക്കളും പങ്കാളികളും എന്ന നിലയിൽ ഇന്ത്യ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുന്ന എല്ലാ വഴിയും പിന്തുണയ്ക്കുമെന്നും റണ്‍ധീപ് ജയ്സ്വാൾ കൂട്ടിച്ചേർത്തു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുക്രെയ്‌ന്‍ സന്ദർശന വേളയിൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയിൽ ഒരു ഉച്ചകോടി നടത്താൻ പ്രസിഡന്‍റ് വൊളോഡിമർ സെലെൻസ്‌കി നിർദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. ആഗോള തെക്കന്‍ രാജ്യങ്ങളിൽ നിന്ന് യുക്രെയ്‌നിന് പിന്തുണ നേടുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.