ലഖ്‌നൗ:ബഹുജന്‍ സമാദ്‌വാദി പാര്‍ട്ടിയുടെ(ബിഎസ്‌പി) ദേശീയ അധ്യക്ഷയായി വീണ്ടും മായാവതി തെരഞ്ഞെടുക്കപ്പെട്ടു. ബിഎസ്‌പി സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി (സിഇസി), ദേശീയ-സംസ്ഥാന പാർട്ടി യൂണിറ്റ്, എന്നിവർ ചേർന്ന യോഗത്തിലാണ് ദേശീയ അധ്യക്ഷയായി മായാവതിയെ വീണ്ടും തെരഞ്ഞെടുത്തത്.
ബിഎസ്‌പി പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും പ്രത്യേകിച്ച് ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളിൽ നിന്നുളളവർക്ക് തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും നിർവഹിക്കുമെന്ന് മായാവതി പ്രസ്‌താവനയിലൂടെ പറഞ്ഞു.
ബഹുജനങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനുമായി ഡോ. ഭീംറാവു അംബേദ്‌കർ രൂപം നൽകിയ പ്രസ്ഥാനം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും പാർട്ടി ശക്‌തമാണെന്നും മായാവതി പ്രവർത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് ചൊവ്വാഴ്‌ച (ഓഗസ്റ്റ് 27) പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തിരിച്ചടികൾ ഉണ്ടായിട്ടും ബിഎസ്‌പി എന്ന പ്രസ്ഥാനം നിരാശപ്പെടുന്നില്ല. ബഹുജനങ്ങൾക്ക് പുരോഗതിയും അഭിവൃദ്ധിയും മാത്രം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പ്രസ്ഥാനം പ്രവർത്തിക്കുകയെന്ന് മായാവതി പറഞ്ഞു.
അതുപോലെ ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും മായാവതി ആഞ്ഞടിച്ചു. ബിജെപിയും കോൺഗ്രസും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നവരായി തോന്നുന്നില്ലെന്ന് മായാവതി പറഞ്ഞു.
ബിഎസ്‌പി സ്ഥാപകൻ കാൻഷി റാം രണ്ട് ദശാബ്‌ദങ്ങൾക്കുമുമ്പ് തൻ്റെ രാഷ്ട്രീയ പിൻഗാമിയായി മായാവതിയെ പ്രഖ്യാപിച്ചിരുന്നു. 2003 ൽ ആണ് ആദ്യമായി പാർട്ടി പ്രസിഡൻ്റായി മായാവതി തെരഞ്ഞെടുക്കപ്പെടുന്നത്. 2018 മെയ് 27 ന് ലഖ്‌നൗവിലെ പാർട്ടി പ്രവർത്തകരോട് തൻ്റെ ഉത്തരവാദിത്തത്തിന് പ്രായമാകുന്നതുവരെ അടുത്ത 20 വർഷത്തേക്ക് പാർട്ടി അധ്യക്ഷയായി തുടരുമെന്ന് മായാവതി പറഞ്ഞിരുന്നു. ഉത്തർപ്രദേശിൻ്റെ മുൻ മുഖ്യമന്ത്രിയായി മായാവതി സേവനമനുഷ്‌ഠിച്ചിരുന്നു.
Also Read:തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമം; ബിഎസ്‌പി നേതാവ് ആംസ്‌ട്രോങ് കൊലക്കേസ് പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു