ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ് സിസോദിയ പുറത്തിറങ്ങി. 17 മാസത്തോളം തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സഞ്ജയ് സിങ് അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
"ഈ ഉത്തരവിന് ശേഷം ബാബാ സാഹിബ് അംബേദ്‌കറിനോട് കടപ്പാട് തോന്നുന്നു" എന്ന് സിസോദിയ പറഞ്ഞു. മാത്രമല്ല ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സിവിൽ ലൈനിലെ വസതിയാണ് സിസോദിയ ആദ്യം സന്ദർശിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് മന്ത്രി അതിഷിയുടെ വസതിയിലേക്ക് പോകുമെന്നും അവർ പറഞ്ഞു. ഉപമുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയക്ക് അനുവദിച്ച മഥുര റോഡിലെ എബി 17ലെ പ്ലോട്ടിലെ സർക്കാർ വസതിയിലാകും സിസോദിയ താമസിക്കുകയെന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം ജയിലിൽ പോകുകയും പദവിയിൽ നിന്ന് രാജി വെക്കുകയും ചെയ്‌ത സാഹചര്യത്തിൽ ആ വസതി മന്ത്രി അതിഷിക്ക് അനുവദിച്ചിരുന്നു. എന്നാൽ സിസോദിയയുടെ കുടുംബം ഇപ്പോഴും ആ വസതിയിലാണ് താമസിക്കുന്നത്.
സിസോദിയ ആ വസതിയിൽ താമസിക്കുമെങ്കിലും അതിഷിയുടെ നെയിംപ്ലേറ്റ് വസതിക്ക് പുറത്ത് സൂക്ഷിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സിസോദിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അദ്ദേഹത്തിന്‍റെ പേരിൽ ഔദ്യോഗികമായി ഒരു വീട് അനുവദിക്കാനാവില്ലെന്നും, അദ്ദേഹത്തിന് രാജ്യതലസ്ഥാനത്ത് വീടില്ലെന്നും അധികൃതർ പറഞ്ഞു.