ന്യൂഡൽഹി:മണിപ്പൂരിലെ കുക്കി, മെയ്‌തെയ്, നാഗ വിഭാഗങ്ങൾ തമ്മിലുള്ള ആദ്യ ചർച്ച ഇന്ന് (ഒക്‌ടോബർ 15) ഡൽഹിയിൽ നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചർച്ച സംഘടിപ്പിച്ചത്. കുക്കി, മെയ്‌തെയ്, നാഗ സമുദായങ്ങളെ പ്രതിനിധീകരിച്ച് മണിപ്പൂർ നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് പങ്കെടുത്തത്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായാണ് ന്യൂഡൽഹിയിൽ യോഗം ചേർന്നത്. നിരപരാധികളായ ആളുകളുടെ ജീവനുകൾ ഇനിയും നഷ്‌ടപ്പെടാതിരിക്കാന്‍ ആക്രമണങ്ങൾ നിർത്താന്‍ ജനങ്ങളോട് അഭ്യർത്ഥിക്കണമെന്ന് യോഗത്തിൽ തീരുമാനമായതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
മൂന്ന് സമുദായങ്ങളിലെയും നേതാക്കൾ ഐബി ഗസ്‌റ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടികാഴ്‌ച നടത്തുകയും മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനായുളള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു. ബിജെപിയുടെ മണിപ്പൂരിൻ്റെ ചുമതലയുള്ള നേതാവ് സംബിത് പത്ര, ആഭ്യന്തര മന്ത്രാലയ ഉപദേഷ്‌ടാവ് (നോർത്ത് ഈസ്‌റ്റ്) എകെ മിശ്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഐബി ഡെപ്യൂട്ടി ഡയറക്‌ടർ രാജേഷ് കുംബ്ലെയും യോഗത്തിൽ പങ്കെടുത്തു.
അവാങ്‌ബൗ ന്യൂമൈ, എൽ ദിഖോ, രാം മുയ്വ എന്നിവരുൾപ്പെടെ മൂന്ന് നാഗാ നിയമസഭംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ നേതാക്കളാരും പ്രസ്‌താവന നടത്തിയില്ലെങ്കിലും പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തതായി ആഭ്യന്തര വൃത്തങ്ങൾ അറിയിച്ചു.
മണിപ്പൂരിൽ കഴിഞ്ഞ 17 മാസത്തിലേറെയായി അക്രമം തുടരുകയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിന് പിന്നാലെ 220-ലധികം ആളുകൾ കൊല്ലപ്പെടുകയും 65,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്‌തു. കുക്കി എംഎൽഎമാർ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ പ്രത്യേകമായി കണ്ടെന്നും ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അവർ ആവശ്യപ്പെട്ടെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ജിൻസ പറഞ്ഞു.