ന്യൂഡൽഹി : മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിലും ഡ്രോൺ, റോക്കറ്റ്, ഗ്രനേഡ് ആക്രമണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിൽ പ്രധാനമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്ന് ഖാർഗെ തന്‍റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
സംഘർഷ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി തങ്ങളെ നേരിട്ട് സന്ദർശിക്കണമെന്ന് മണിപ്പൂർ ജനത ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 16 മാസത്തിനിടക്ക് ഒരു നിമിഷം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ ചെലവഴിച്ചിട്ടില്ല, സംസ്ഥാനത്ത് അക്രമങ്ങൾ അനിയന്ത്രിതമായി തുടരുമ്പോഴും മോദി - ഷാ കൂട്ടുകെട്ടിൻ്റെ അനന്തരഫലങ്ങൾ ജനങ്ങൾ അനുഭവിക്കുകയാണ്. പ്രധാനമന്ത്രിയെപ്പോലെ മണിപ്പൂരിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉപേക്ഷിച്ചതായി തോന്നുന്നു. മണിപ്പൂരിൽ അക്രമങ്ങൾ അഴിഞ്ഞാടുമ്പോൾ ഇരുവരും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണ റാലികളിൽ പ്രസംഗിക്കുന്ന തിരക്കിലാണെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
മണിപ്പൂർ കലാപം ദേശീയ സുരക്ഷ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാര്യങ്ങൾ വീണ്ടും അനിയന്ത്രിതമാകുന്നതിന് മുൻപേ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ പിരിച്ചുവിടണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും