കാങ്കര്‍ : ഒളിഞ്ഞും തെളിഞ്ഞുമായി നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഛത്തീസ്‌ഗഡ്. നക്‌സലൈറ്റുകളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായ സംസ്ഥാനം. നക്‌സലുകള്‍ക്കെതിരെ ചെറുതും വലുതുമായ നിരവധി നീക്കങ്ങള്‍ കണ്ടിട്ടുള്ള ഛത്തീസ്‌ഗഡില്‍ പക്ഷേ ഇന്നലെ നടന്നത് സംസ്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ നടപടിയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നക്‌സലുകള്‍ക്ക് നേരെ ഉണ്ടായ ഈ നീക്കത്തെ ചരിത്ര സംഭവമെന്നാണ് ഛത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ബസ്‌തറിലെ വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഛോട്ടാബേട്ടിയയില്‍ സുരക്ഷ സേനയുടെ ഓപ്പറേഷന്‍. 29 നക്‌സലുകളാണ് കൊല്ലപ്പെട്ടത്.
2024 ല്‍ ഇതുവരെ 79 നക്‌സലുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കാങ്കറിലെ നക്‌സല്‍ ഓപ്പറേഷന് പുറമെ ബിജാപൂരിലെ സംഭവവും ഏപ്രില്‍ മാസം നക്‌സലൈറ്റുകള്‍ക്കെതിരെ നടന്ന മറ്റൊരു പ്രധാന നീക്കമാണ്.
ഛത്തീസ്‌ഗഡ് ഏറ്റുമുട്ടലുകളുടെ നാള്‍വഴി :
- 10 ജൂലൈ 2007 : ദന്തേവാഡ ഇളമ്പട്ടി-റെഗഡ്‌ഗട്ട വനത്തില്‍ ഏറ്റുമുട്ടല്‍. 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒന്‍പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.
- 29 ജൂണ്‍ 2012 : ദന്തേവാഡയിലെ വനങ്ങളില്‍ നക്‌സലുകള്‍ക്ക് നേരെ ആഞ്ഞടിച്ച് സുരക്ഷ സേന. വനിത കേഡറ്റ് ഉള്‍പ്പെടെ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
- 16 ഏപ്രില്‍ 2013 : ബസ്‌തറിലെ നിബിഡ വനങ്ങളില്‍ സുരക്ഷ സേനയുടെ നീക്കം. 10 നക്‌സലുകള്‍ കൊല്ലപ്പെട്ടു.
- 27 നവംബര്‍ 2014 : സുക്‌മയിലുണ്ടായ ഏറ്റുമുട്ടലില്‍ 15 നക്‌സലുകള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റിരുന്നു.
- 27 ഏപ്രില്‍ 2018 : ബീജാപൂര്‍ തെലങ്കാന അതിര്‍ത്തിയില്‍ ഛത്തീസ്‌ഗഡ്, തെലങ്കാന സേനയുടെ സംയുക്ത ഓപ്പറേഷന്‍. എട്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആറ് വനിത കേഡറ്റുകള്‍.
- 6 ഓഗസ്റ്റ് 2018 : സുക്‌മയില്‍ ഏറ്റുമുട്ടല്‍ 15 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്.
- 3 ഓഗസ്റ്റ് 2019 : രാജ്‌നന്ദ്‌ഗാവ് മഹാരാഷ്‌ട്ര അതിര്‍ത്തിയില്‍ സുരക്ഷ സേന നടത്തിയ ഓപ്പറേഷനില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
- 15 നവംബര്‍ 2021 : 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട നക്‌സല്‍ കമാന്‍ഡര്‍ കൊല്ലപ്പെടുന്നു. ഏറ്റുമുട്ടല്‍ നടന്നത് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ബാധിത മേഖലയായ ബസ്‌തര്‍ ഡിവിഷനിലെ നാരായണ്‍പൂരിലെ വനത്തിനുള്ളില്‍.
- 31 ഒക്‌ടോബര്‍ 2022 : കാങ്കറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്നത് സിക്‌സോദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാഡ്‌മെ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍.
- 26 നവംബര്‍ 2022 : ബീജാപൂരില്‍ ഏറ്റുമുട്ടല്‍. രണ്ട് വനിത കേഡറ്റുകള്‍ അടക്കം നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു.
- 23 ഡിസംബര്‍ 2022 : ബിജാപൂരില്‍ രണ്ട് നക്‌സലുകളെ സുരക്ഷ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ 21 ലക്ഷം ഇനാം പ്രഖ്യാപിക്കപ്പെട്ട നക്‌സലും.
- 20 സെപ്‌റ്റംബര്‍ 2024 : ദന്തേവാഡ ജില്ലയിലെ അരണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏറ്റുമുട്ടല്‍. രണ്ട് വനിത നക്‌സലുകള്‍ കൊല്ലപ്പെട്ടു.
- 21 ഒക്‌ടോബര്‍ 2023 : കാങ്കറില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്നത് കോയാലിബേരയില്‍.
- 24 ഡിസംബര്‍ 2023 : ദന്തേവാഡ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. സുക്‌മ അതിര്‍ത്തിയിലുള്ള തുമക്‌പാല്‍, ഡബ്ബ കുന്ന ഗ്രാമങ്ങള്‍ക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍.
- 3 ഫെബ്രുവരി 2024 : നാരായണ്‍പൂരില്‍ ഗോമഗല്‍ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേന രണ്ട് നക്‌സലുകളെ വധിച്ചു.
- 27 ഫെബ്രുവരി 2024 : ബീജാപൂരില്‍ വനത്തില്‍ ഐഇഡി സ്ഥാപിക്കുന്നതിനിടെ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു.
- 27 മാര്‍ച്ച് 2024 : ബസഗുഡയില്‍ സുരക്ഷ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍. പുസബ്‌ക വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് വനിത കേഡറ്റുകളടക്കം ആറ് നക്‌സലുകള്‍ കൊല്ലപ്പെട്ടു.
- 2 ഏപ്രില്‍ 2024 : ലേന്ദ്രയില്‍ നക്‌സല്‍-സുരക്ഷ സേന ഏറ്റുമുട്ടല്‍. 13 നക്‌സലുകള്‍ കൊല്ലപ്പെട്ടു. നക്‌സലുകള്‍ക്ക് എതിരായ നീക്കത്തിന് സുരക്ഷ സേന എത്തിയപ്പോള്‍ ലേന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ രാവിലെ 6 മണിക്ക് ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഛത്തീസ്‌ഗഡില്‍ നടന്ന ഏറ്റവും വലിയ ഓപ്പറേഷനാണ് ചൊവ്വാഴ്‌ച ഉണ്ടായത്. 29 നക്‌സലുകള്‍ കൊല്ലപ്പെട്ടെങ്കിലും നിലവില്‍ തെരച്ചില്‍ തുടരുകയാണ്.
Also Read : ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍: മാവോയിസ്‌റ്റ് നേതാവ് ശങ്കര്‍ റാവു അടക്കം 29 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്ക് പരിക്ക് - Chhattisgarh Police Killed Maoists