മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തിറക്കി. താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാദിയിൽ നിന്നാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മത്സരിക്കുന്നത്. 2022 ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെയെ പിന്തുണച്ച എംഎൽഎമാർ ഭൂരിഭാഗവും ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
അതത് സീറ്റുകളിൽ നിന്ന് അര ഡസനിലധികം കാബിനറ്റ് അംഗങ്ങളും മത്സരരംഗത്തുണ്ട്. ജൽഗാവ് റൂറൽ, സാവന്ത്‌വാഡി, സില്ലോഡ്, പാടാൻ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മന്ത്രിമാരായ ഗുലാബ്രാവു പാട്ടീൽ, ദീപക് കേസർകർ, അബ്‌ദുൾ സത്താർ, ശംബുരാജ് ദേശായി എന്നിവർ മത്സരിക്കും. മറ്റൊരു കാബിനറ്റ് അംഗമായ ദാദാ ഭൂസെ നാസിക് ജില്ലയിലെ മാലേഗാവ് ഔട്ടർ അസംബ്ലി മണ്ഡലത്തിൽ നിന്നും മന്ത്രിമാരായ ഉദയ് സാമന്തും തനാജി സാവന്തും യഥാക്രമം രത്‌നഗിരി പരന്ദ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും.
മറ്റൊരു പ്രമുഖ നേതാവായ സദാ സർവങ്കർ മുംബൈയിലെ മാഹിയിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിരവധി എംഎൽഎമാരുടെ ബന്ധുക്കളെയും പാർട്ടി ഇത്തവണ മത്സരരംഗത്തിറക്കിയിട്ടുണ്ട്. മന്ത്രി ഉദയ് സാമന്തിൻ്റെ സഹോദരൻ കിരൺ സാമന്തിന് രാജാപൂരിൽ നിന്ന് ടിക്കറ്റ് നൽകി. അന്തരിച്ച നിയമസഭാംഗം അനിൽ ബാബറിൻ്റെ മകൻ സുഹാസ് ബാബർ സാംഗ്ലി ജില്ലയിലെ ഖാനാപൂരിൽ നിന്നും പാർട്ടിയെ പ്രതിനിധീകരിക്കും.