ഹൈദരാബാദ്:ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി ഏറെ കണ്ണുവച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ 80 സീറ്റുകളില്‍ 62 സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ മോദി ഗ്യാരന്‍റിയുടെയും രാമക്ഷേത്രത്തിന്‍റെയും പിന്‍ബലത്തില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനായിരുന്നു ബിജെപി ലക്ഷ്യം വച്ചത്.
എന്നാല്‍ കാവിപ്പാര്‍ട്ടിക്ക് അടിപതറുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. 45 സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ലീഡ് പിടിച്ചു. ഇതില്‍ 37 സീറ്റുകളിലാണ് എസ്‌പിയ്‌ക്ക് മുന്‍തൂക്കമുള്ളത്. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നയിച്ച പ്രചാരണ പരിപാടികളിലെ ജനപങ്കാളിത്തം നേരത്തെ തന്നെ യുപിയിലെ അടിയൊഴുക്കിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും പ്രചാരണത്തിനിടെ (IANS) എന്നാല്‍ ഇന്ത്യ സഖ്യത്തിന് പ്രത്യേകിച്ച് എസ്‌പിയ്‌ക്ക് അനുകൂലമായി പ്രവർത്തിച്ച ഘടകങ്ങളിലൊന്ന് പൊളിച്ചെഴുതപ്പെട്ട ജാതി സമവാക്യമാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, യാദവ ഇതര ഒബിസി വിഭാഗത്തില്‍ കേന്ദ്രീകരിച്ചായിരുന്നു എസ്പിയുടെ ടിക്കറ്റ് വിതരണം. ഇത്തവണ അഖിലേഷ് യാദവിന്‍റെ കുടുംബത്തിൽ നിന്നുമുള്ള അഞ്ച് പേര്‍ക്ക് മാത്രമാണ് യാദവ വിഭാഗത്തില്‍ നിന്നും എസ്‌പി ടിക്കറ്റ് ലഭിച്ചത്.
യാദവ ഇതര ഒബിസികൾക്ക് 27 സീറ്റ് കിട്ടി. നാല് ബ്രാഹ്മണർ, രണ്ട് താക്കൂർ, രണ്ട് വൈശ്യർ, ഒരു ഖത്രി എന്നിങ്ങനെ 'ഉയര്‍ന്ന' ജാതിക്കാര്‍ക്ക് 11 സീറ്റുകള്‍ നല്‍കിയപ്പോള്‍ നാല് പേരാണ് മുസ്‌ലിം വിഭഗത്തില്‍ നിന്നും എസ്‌പി ടിക്കറ്റില്‍ മത്സരിച്ചത്. സംവരണ മണ്ഡലങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 15 പേരും പാര്‍ട്ടി സ്ഥാനാര്‍ഥികളായി.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി), ജയന്ത് ചൗധരിയുടെ രാഷ്‌ട്രീയ ലോക്ദൾ (ആർഎൽഡി) എന്നിവരുമായി സഖ്യത്തിലായിരുന്നു എസ്‌പി. 37 എസ്‌പി സ്ഥാനാര്‍ഥികളില്‍ 10 പേരും യാദവരായിരുന്നു. ഫലം ഏറെ നിരാശ നല്‍കുന്നതായിരുന്നു. ആകെ അഞ്ച് സീറ്റുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.
ബിജെപിയുടെ തേരോട്ടത്തില്‍ ബിഎസ്‌പി പത്തും കോണ്‍ഗ്രസ് രണ്ടും സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്‌തു. 2014-ലെ കണക്ക് നോക്കുമ്പോഴും എസ്പിയുടെ 78 സീറ്റുകളിൽ മുലായത്തിന്‍റെ കുടുംബത്തില്‍പ്പെട്ട നാല് പേർ ഉൾപ്പെടെ 12 യാദവ സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇത്തവണ കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് എസ്‌പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പരമ്പരാഗതമായി കൂടെ നിന്നിരുന്ന യാദവ, മുസ്‌ലിം സമുദായങ്ങൾക്ക് അപ്പുറത്തേക്ക് അടിത്തറ വികസിപ്പിക്കാനായിരുന്നു അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. അതിന്‍റെ ഭാഗമായി നടന്ന കൃത്യമായ സീറ്റ് വിഭജനത്തിലൂടെ യാദവ ഇതര ഒബിസി വിഭാഗങ്ങളിലേക്കും ദലിതുകളിലേക്കും എത്തിച്ചേരാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നതാണ് ഇപ്പോഴത്തെ മുന്നേറ്റം സൂചിപ്പിക്കുന്നത്. കൂടാതെ പ്രാദേശിക കേഡറിൽ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് നിരവധി മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റി പരീക്ഷിച്ച തന്ത്രവും ഗുണം ചെയ്‌തുവെന്ന് കാണാം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാറ്റം: യുപിയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെയും ഇന്ത്യ സഖ്യത്തിന്‍റേയും പ്രചാരണ ശൈലിയിലും കാര്യമായ വ്യത്യാസമുണ്ടായിരുന്നു. വമ്പന്‍ റാലികളിലായിരുന്നു ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ എസ്പി-കോൺഗ്രസ് കൂട്ടുകെട്ടിന്‍റെ പ്രചാരണം പ്രാദേശിക തലത്തില്‍ ഉന്നിക്കൊണ്ടുള്ളതായിരുന്നു.