തിരുവനന്തപുരം: സസ്പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ച് മുന്‍ കൃഷി വകുപ്പ് സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്‌ത് ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും എൻ പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു.
ഇതോടെ, തന്‍റെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്‌തുള്ള നടപടികളില്‍ നിന്ന് താന്‍ ഒട്ടും പിന്നോട്ടല്ലെന്ന സൂചന കൂടി നല്‍കുകയാണ് സംസ്ഥാനത്തെ ഈ യുവ ഐഎഎസ് ഓഫിസര്‍. സസ്പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുന്നതിന് തനിക്ക് നല്‍കിയ അനുമതി നിഷേധിക്കരുതെന്ന് കത്തില്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധികളും സര്‍വീസ് ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പ്രശാന്ത് കത്ത് നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിക്കാന്‍ നേരത്തെ ചാര്‍ജ് മെമോയില്‍ നല്‍കിയ അനുമതി ഇപ്പോള്‍ പിന്‍വലിക്കുന്നത് നീതിയല്ലെന്നും കത്തില്‍ പ്രശാന്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രണ്ട് സഹപ്രവര്‍ത്തകരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം ചൊരിഞ്ഞുവെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കഴിഞ്ഞമാസം സസ്പെന്‍ഡ് ചെയ്‌തത്. തുടര്‍ന്ന് വിശദീകരണം ചോദിച്ച് മെമ്മോ നല്‍കിയെങ്കിലും മറുപടി നല്‍കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള മറുപടിക്കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രശാന്തിന്‍റെ മറുപടിയോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം ചീഫ് സെക്രട്ടറി കൈക്കൊണ്ടതെങ്കിലും നിയമപരമായി മറുപടി നല്‍കിയേ പറ്റൂ എന്ന് ചൂണ്ടിക്കാട്ടി ജനുവരി ഒന്നിന് പ്രശാന്ത് വീണ്ടും കത്തയച്ചിരുന്നു. മാത്രമല്ല, അതുമായി ബന്ധപ്പെട്ട രേഖകളും മറ്റും പരിശോധിക്കാവുന്നതാണെന്ന് മെമ്മോയില്‍ പറഞ്ഞിരുന്നെങ്കിലും വിശദീകരണം ചോദിച്ചുള്ള കത്തിനെ തുടര്‍ന്ന് നടപടിക്ക് വിധേയരാകുന്നവരുടെ ഇത്തരം ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സില്‍ പറയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആവശ്യം ചീഫ് സെക്രട്ടറി തള്ളി.
ഇതേത്തുടര്‍ന്നാണ് കോടതി വിധികള്‍ ഉദ്ധരിച്ച് പുതിയ കത്ത് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. തനിക്ക് നല്‍കിയ കുറ്റപത്ര മെമ്മോയില്‍, ആവശ്യമെങ്കില്‍ മുന്‍കൂര്‍ അനുമതിയോടെ രേഖകള്‍ പരിശോധിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും പ്രസ്‌തുത വസ്‌തുത മറന്നുകൊണ്ട് ഇപ്പോള്‍ അതിനുള്ള അനുമതി നിഷേധിക്കുന്നത് നീതിയല്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരായ കുറ്റപത്രത്തിനൊപ്പം തെളിവായി വച്ചിട്ടുള്ള രേഖകള്‍ യഥാര്‍ഥമാണോ എന്ന് വ്യക്തമാകാന്‍ അവയുടെ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നതാണ് പ്രശാന്തിന്‍റെ ആവശ്യം. ആദ്യഘട്ടത്തില്‍ തന്നെ ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത, കേന്ദ്രസര്‍ക്കാരും കാശിനാഥ് ദീക്ഷിതയും തമ്മിലുള്ള 1986ലെ കേസിലും പഞ്ചാബ് സര്‍ക്കാരും ഭഗത് റാമും തമ്മിലുള്ള 1974ലെ കേസിലും കേന്ദ്ര സര്‍ക്കാരും മുഹമ്മദ് റംസാന്‍ ഖാനും തമ്മിലുള്ള 1990ലെ കേസിലും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഭരണഘടനയിലെ 141ാം അനുച്ഛേദം പ്രകാരം സുപ്രീംകോടതിയുടെ വിധികള്‍ ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും അധികാരികള്‍ക്കും ബാധകമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സസ്പെന്‍ഷന് മുമ്പും ശേഷവും തന്‍റെ ഭാഗം കേള്‍ക്കാതിരിക്കുകയും ഇപ്പോള്‍ പ്രാഥമിക വിശദീകരണത്തിനുള്ള അവസരം പോലും നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. അനുവദിനീയമായ 30 ദിവസ സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാനുള്ളതിനാല്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാതെ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്നും കത്തില്‍ പ്രശാന്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം തേടി എൻ പ്രശാന്തിൻ്റെ കത്ത്; ഐഎഎസ് പോരിൽ അസാധാരണ നീക്കങ്ങൾ