ഹൈദരാബാദ്:ഇന്ത്യയിൽ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസാണ്. ഇത്രയും ചെറുപ്രായത്തിൽ തന്നെ നിയമനിർമാണ സഭകളിൽ പ്രവേശിക്കാൻ അപൂർവ്വമായേ അവസരം ലഭിക്കുന്നുള്ളു. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 25-ാം വയസിൽ മത്സരിച്ച് വിജയിച്ച് കോളിളക്കം സൃഷ്‌ടിച്ച സ്ഥാനാർഥികളാണ് ഇവരെല്ലാം.
പുഷ്പേന്ദ്ര സരോജ്: ഉത്തർപ്രദേശിലെ കൗശാമ്പി ലോക്‌സഭ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് പുഷ്പേന്ദ്ര സരോജ്. നിലവിലെ എംപിയായ ബിജെപി വിനോദ് കുമാർ സോങ്കറിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. അഞ്ച് തവണ എംഎൽഎയും ഉത്തർപ്രദേശ് സർക്കാരിൽ മന്ത്രിയുമായിരുന്ന ഇന്ദ്രജിത് സരോജിൻ്റെ മകനാണ് പുഷ്പേന്ദ്ര സരോജ്. 5,09,787 വോട്ടുകളാണ് പുഷ്പേന്ദ്രയ്‌ക്ക് ലഭിച്ചത്. അതേസമയം വിനോദ് കുമാർ സോങ്കറിന് 4,05,843 വോട്ടുകളാണ് ലഭിച്ചത്.
പ്രിയ സരോജ്: ഉത്തർപ്രദേശിൽ നിന്നും വിജയിച്ച 25 വയസ്സുള്ള മറ്റൊരു സ്ഥാനാർത്ഥിയാണ് പ്രിയ സരോജ്. മച്‌ലിഷഹർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ആയാണ് പ്രിയ മത്സരിച്ചത്. നിലവിലെ ബിജെപി എംപി ഭോല നാഥിനെ പരാജയപ്പെടുത്തിയാണ് പ്രിയ മച്‌ലിഷഹറിൽ തരംഗം സൃഷ്‌ടിച്ചത്. ഭോല നാഥിന് 4,15,442 വോട്ടുകൾ ലഭിച്ചപ്പോൾ പ്രിയയ്ക്ക് 4,51,292 വോട്ടുകളാണ് ലഭിച്ചത്.