മാൾഡ: ആര്‍ജി കര്‍ ബലാത്സംഗ കൊലയില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിൽ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേസ് കൊൽക്കത്ത പൊലീസിന്‍റെ കൈവശമായിരുന്നെങ്കിൽ അവർ വധശിക്ഷ ഉറപ്പാക്കുമായിരുന്നു എന്നും മമത പറഞ്ഞു. മാൾഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.
'ശിക്ഷാ വിധി ഞാൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ഞങ്ങൾ എപ്പോഴും വധശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നത്. ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു. എന്നിരുന്നാലും, ഇത് കോടതിയുടെ തീരുമാനമാണ്.
ഇതിനെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല. ജോയ്‌നഗർ, ഫറാക്ക, ഹൂഗ്ലി തുടങ്ങിയ കേസുകളിൽ കൊൽക്കത്ത പൊലീസ് 54 - 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി വധശിക്ഷ ഉറപ്പാക്കിയിരുന്നു. ഇതൊരു ഗുരുതരമായ കേസായിരുന്നു. ഇത് ഞങ്ങളുടെ പരിധിയിലായിരുന്നെങ്കിൽ വളരെ മുമ്പുതന്നെ വധശിക്ഷ ഉറപ്പാക്കുമായിരുന്നു.'- മമത ബാനര്‍ജി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 ഓഗസ്റ്റ് 14-ന് കേസ് ഏറ്റെടുത്ത്, പ്രതികൾക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ സിബിഐക്ക് അഞ്ച് മാസമെടുത്തു എന്നും മമത പറഞ്ഞു. കേസ് സിബിഐ എങ്ങനെ കൈകാര്യം ചെയ്‌തുവെന്ന് അറിയില്ലെന്നും മമത പറഞ്ഞു.
ആവശ്യമെങ്കിൽ കേസ് കൈമാറുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നെങ്കിലും, കേസ് ഞങ്ങളിൽ നിന്ന് മനഃപൂർവ്വം എടുത്തുമാറ്റുകയായിരുന്നു. കുറ്റവാളിക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഈ വിധിയിൽ താന്‍ തൃപ്‌തയല്ല എന്നും മമത വ്യക്തമാക്കി.
ഓഗസ്റ്റ് 9 ന് കുറ്റകൃത്യം നടന്ന് വെറും 24 മണിക്കൂറിനുള്ളിൽ പ്രതികളെ സംസ്ഥാന പൊലീസ് പിടികൂടി. എന്നാല്‍ സിബിഐ രാഷ്‌ട്രീയ സമ്മർദത്തിന് വഴങ്ങി മനഃപൂർവ്വം അന്വേഷണം വൈകിപ്പിച്ചെന്നും മമത ആരോപിച്ചു.
അര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം ബിജെപിയും സിപിഎമ്മും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും മമത ബാനര്‍ജി ആരോപിച്ചു. കുറ്റകൃത്യം, അതിന്‍റെ ഉദ്ദേശ്യം, പ്രതി തുടങ്ങിയവയെക്കുറിച്ചെല്ലാം അവർ പ്രചരിപ്പിച്ച എല്ലാ കെട്ടുകഥകളും കൊൽക്കത്ത പൊലീസ് വസ്‌തുതകളിലൂടെ പൊളിച്ചു. പിന്നീട് സിബിഐയുടെ കണ്ടെത്തലുകളിലൂടെ ഇത് സ്ഥിരീകരിക്കപ്പെട്ടു എന്നും മമത ചൂണ്ടിക്കാട്ടി.
സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഫലപ്രദമായി ശിക്ഷ നൽക്കുന്ന ബംഗാൾ സർക്കാരിന്‍റെ അപരാജിത ബില്ലിനെപ്പറ്റിയും മമത പരാമര്‍ശിച്ചു. ബേട്ടി ബച്ചാവോ പോലുള്ള മുദ്രാവാക്യങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ബിജെപി ബിൽ ഇതുവരെ നീക്കാത്തതില്‍ മമത വിമര്‍ശനവും ഉന്നയിച്ചു. സ്‌ത്രീ സംരക്ഷണ നിയമങ്ങൾക്കായി മുന്നോട്ട് പോകുന്നതിൽ ബിജെപിക്ക് താത്പര്യമില്ലെന്നാണ് ഈ രാഷ്‌ട്രീയ തന്ത്രം എടുത്തുകാണിക്കുന്നതെന്നും മമത പറഞ്ഞു.
ആർജി കർ ബലാത്സംഗ കൊലപാതക കേസിൽ പ്രതിയായ സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് സീൽഡ സിവിൽ ആൻഡ് ക്രിമിനൽ കോടതി വിധിച്ചത്. ഇതോടൊപ്പം 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2024 ഓഗസ്റ്റ് 9 ന് ആശുപത്രിയിലെ സെമിനാർ മുറിയിലാണ് ട്രെയിനി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്.
Also Read: ആര്‍ ജി കര്‍ ബലാത്സംഗ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം - KOLKATA RG KAR DOCTOR MURDER