കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ ആശുപത്രിയിലെ വനിതാ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് വധശിക്ഷ ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേസില്‍ മറ്റ് പ്രതികളും ഉണ്ടെന്ന സഞ്‌ജയ് റോയിയുടെ വെളിപ്പെടുത്തല്‍ ഗുരുതര സ്വഭാവമുള്ളതാണെന്നും ഐഎംഎയുടെ ധനകാര്യ സെക്രട്ടറി പീയൂഷ് ജെയിൻ പറഞ്ഞു.
"ഇന്ന് വിധി വന്നിരിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടതിന് പിന്നാലെ എല്ലാവരും വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, വധശിക്ഷ വിധിച്ചിരുന്നുവെങ്കില്‍ പൊതുജനങ്ങൾക്കും ഡോക്‌ടര്‍മാര്‍ക്കും ജുഡീഷ്യൽ നടപടിക്രമങ്ങളും സർക്കാരും അവർക്കൊപ്പം നിൽക്കുന്നുണ്ടെന്ന ശക്തമായ സന്ദേശം നൽകുമായിരുന്നു," എന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോടതിയിൽ പ്രതിയുടെ അവസാന വാക്കുകൾ ഗുരുതര സ്വഭാവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ഏക പ്രതിയല്ല താൻ. താൻ നിരപരാധിയാണ്. തന്നോടൊപ്പം കൂടുതൽ ആളുകളുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ വലിയ ഒരു ചോദ്യം ഉയർത്തുന്നുവെന്നും പീയൂഷ് ചൂണ്ടിക്കാട്ടി.
"കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടോ? അന്വേഷണം അവസാനിച്ചോ? മറ്റ് കുറ്റവാളികളെ കുറിച്ച് അന്വേഷിക്കുമോ? ഈ ആളുകളെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരുമോ," എന്നും അദ്ദേഹം ചോദിച്ചു.
കേസിലെ വിധിക്ക് ശേഷം ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) നിരാശ പ്രകടിപ്പിച്ചു. "ഭയാനകമായ ഒരു വിധി. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ലജ്ജിക്കേണ്ടതുണ്ട്," വിധിയെ ശക്തമായി എതിർത്ത് എഫ്ഒആർഡിഎ പറഞ്ഞു. "ഇന്ത്യയിൽ ജീവപര്യന്തം തടവ് മാത്രം നൽകി ഒരു ക്രൂരമായ ബലാത്സംഗവും കൊലപാതകവും ഒഴിവാക്കാം. എന്തൊരു നാണക്കേട്!," എന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ എക്‌സില്‍ കുറിച്ചു.
Read Also: ആര്‍ ജി കര്‍ ബലാത്സംഗ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം